കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ കെ.സി. മഹേഷ് കഴിഞ്ഞ ഒരു വര്‍ഷമായി ഏറെ കോളിളക്കം സൃഷ്ടിച്ച സ്വപ്ന കൊലക്കേസിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബിജു(ലിബര്‍ട്ടി ബിജു-44)വിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു.
കുറ്റാന്വേഷണത്തില്‍ ഏറെ മികവു തെളിയിച്ചിട്ടുളള നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് ചുമതലയേറ്റ സമയത്ത് മഹേഷിനെ ഏല്പിച്ച കേസാണിത്. ലോംഗ് പെന്‍ഡിംഗ് കേസുകളുടെ അന്വേഷണ സംഘത്തിലുള്ള മഹേഷ് അന്നു മുതല്‍ പ്രതിക്കായി നടത്തിയ അന്വേഷണത്തിനാണ് ഇന്നലെ വൈകിട്ട് വിലങ്ങ് വീണത്.
മാര്ച്ചിലെടുത്തആധാര് കാര്‍ഡ്
മദ്യപാനിയായ പ്രതി ബിജു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല. ആധാര്‍ കാര്‍ഡോ മറ്റു ബന്ധുക്കളുമായുളള ബന്ധമോ ഇയാള്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിയെ കണ്ടെത്താന്‍ മഹേഷിന് മുന്നില്‍ ഏറെ വെല്ലുവിളിയുണ്ടായിരുന്നു. കോങ്കണ്ണുള്ള ബിജു പാചകക്കാരന് കൂടിയാണെന്ന കാര്യം പോലീസ് ഉദ്യോഗസ്ഥനായ മഹേഷിന് അറിയാമായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ വെഞ്ഞാറമൂടിലെ മേല്‍വിലാസത്തില്‍ ബിജു ആധാര്‍ കാര്‍ഡ് എടുത്ത വിവരം പോസ്റ്റുമാന് മുഖേന മഹേഷ് അറിഞ്ഞു. ആധാര്‍ കാര്‍ഡ് കൈപ്പറ്റിയത് ഇയാളുടെ സഹോദര ഭാര്യയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് മഹേഷ് വെഞ്ഞാറമൂടിലെ വീട്ടിലെത്തി സഹോദരനായ ബിനുവുമായി സംസാരിച്ചു. പക്ഷേ കൈപ്പറ്റിയ ആധാര്‍ കാര്‍ഡ് 80കാരിയായ അമ്മയെ ഏല്‍പ്പിച്ചുവെന്നും അത് എവിടെവച്ചുവെന്ന് ഓര്മയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് ഇന്‍സ്പെക്ടറെ കണ്ട് മഹേഷ് കാര്യങ്ങള്‍ ധരിപ്പിച്ചു. പാചകക്കാരനും മദ്യപാനിയും സ്ത്രീ വിഷയത്തില്‍ തല്പരനുമായ ബിജു എത്തിയേക്കാമെന്ന ധാരണയില്‍ അന്വേഷണോദ്യോഗസ്ഥനായ മഹേഷ് ഇയാളുടെ ഫോട്ടോ പ്രദേശത്തെ ബാറുകളിലും ലോഡ്ജുകളിലും നല്‍കിയിരുന്നു. ഇതിനിടയില്‍ ബിജുവിനെ പോലെ തോന്നി ഒരാളെ മാസങ്ങള്‍ക്ക് മുമ്പ് നോര്‍ത്ത് പോലീസ് പിടികൂടിയെങ്കിലും അത് അയാള്‍ അല്ലായിരുന്നു.
ഇയാളുടേതെന്ന് സംശയം തോന്നിയ പല ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പരിശോധിച്ചു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം കിട്ടിയ ഫോണ്‍ നമ്പറുകളില്‍ ഭണ്ഡാരി ബിജുവെന്നു പേരുളള നമ്പര്‍ വീണ്ടും പരിശോധിച്ചത്. വന്‍കിട ബിസിനസുകാരന്റേതു പോലെയുള്ള പ്രൊഫൈല്‍ പിക്ചറുള്ള ആ ആളുടെ മൂന്നു മാസത്തെ കോള്‍ ഡീറ്റെയില്‍സ് എടുത്തു. ആന്ധ്ര, തമിഴ്നാട് എന്നീ സ്ഥലങ്ങളിലെല്ലാം ലൊക്കേഷന്‍ ഉണ്ടായിരുന്നു. ഈ നമ്പറിലേക്ക് കൂടുതല്‍ വിളിച്ച നമ്പറുകള്‍ മഹേഷ് പരിശോധിച്ചു.
കോളെടുത്തത് ലോട്ടറി വില്പനക്കാരന്
ആ നമ്പറില്‍ ഇന്നലെ ഉച്ചയോടെ ബന്ധപ്പെട്ടപ്പോള്‍ എറണാകുളത്തുള്ള ലോട്ടറിക്കാരന്റേതായിരുന്നു അത്. അയാളെ ചെന്നുകണ്ടു സംസാരിച്ച മഹേഷിന് ഭണ്ഡാരി ബിജു കോങ്കണ്ണുള്ള പാചകക്കാരനായ ഒരു സ്ത്രീയെ കൊന്ന ആളെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ലോട്ടറിക്കാരന് കാണിച്ചുകൊടുത്ത കമ്മട്ടിപ്പാടത്തെ ലോഡ്ജ് മുറിയില്‍ ചെന്നപ്പോള്‍ പ്രതി ബിജു അവിടെ ഉണ്ടായിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രനെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കൊലപാതകം 2011ൽ
2011 ഫെബ്രുവരിയിലാണ് എറണാകുളം നോര്‍ത്തിലെ ശ്രീലകം ലോഡ്ജില്‍ ആന്ധ്രാ സ്വദേശിയായ ലൈംഗികത്തൊഴിലാളി സ്വപ്ന(ലക്ഷ്മി- 35)യെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കലൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
പ്രതിയെ കുറിച്ച് യാതൊരു തുമ്പും ഉണ്ടാകാതിരിന്നിട്ടും ആറ് ദിവസത്തിനുള്ളില്‍ പോലീസിനെ വട്ടം കറുക്കിയ പ്രതി ബിജുവിനെ അന്നത്തെ നോര്‍ത്ത് എസ്ഐ ആയിരുന്ന എസ്. വിജയ ശങ്കറും സംഘവും അറസ്റ്റ് ചെയ്തു. തന്റെ പ്രതിശ്രുത വധുവിനെക്കുറിച്ച് സ്വപ്ന മോശമായി സംസാരിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡില്‍ പോയ ഇയാള്‍ 2017 -ല്‍ രണ്ടാള് ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങുകയായിരുന്നു.
പിന്നീട് ഇയാളുടെ ജാമ്യക്കാരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ 50,000 രൂപ കോടതിയില്‍ കെട്ടിവച്ച് ജാമ്യത്തില്‍ നിന്ന് ഒഴിവാകുകയും ആണ് ഉണ്ടായത്. ഏഴു വര്‍ഷത്തിനുശേഷമാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ ബിജുവിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സീമ മോഹന്‍ലാല്‍