തിരുവനന്തപുരം: വനിതാ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രിയോടെ അവസാനിക്കും. നിയമനത്തിനുവേണ്ടി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ നിരാശയിൽ.ചർച്ചയ്ക്കുപോലും വിളിക്കാതെ തങ്ങളുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിച്ച സർക്കാർ നടപടിക്കെതിരേ ശക്തമായ പ്രതിഷേധത്തിലാണ് ഉദ്യോഗാർഥികൾ.
എഴുത്തുപരീക്ഷയും കായികക്ഷമത പരീക്ഷയും പാസായി ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങൾക്ക് അർഹതയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തങ്ങളെ അപമാനിച്ചുവെന്നാണ് വൈകാരികമായി ഉദ്യോഗാർഥികൾ പ്രതികരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നിന് ഹാൾ ടിക്കറ്റ് കത്തിച്ച് പ്രതിഷേധിച്ച ശേഷം വൈകുന്നേരം അഞ്ചിന് മാധ്യമപ്രവർത്തകരെ കണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയശേഷം സമരം ഇന്ന് അവസാനിപ്പിച്ച് എല്ലാവരും നാട്ടിലേക്കു മടങ്ങും.
കഴിഞ്ഞ രണ്ടാഴ്ചയിലധികമായി രാവും പകലും സമരം ചെയ്ത വനിതാ ഉദ്യോഗാർഥികൾ വിതുന്പലോടെയാണ് തങ്ങളുടെ അവസ്ഥകൾ വിവരിച്ചത്.
അതേസമയം ഉദ്യോഗാർഥികളുടെ അവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി ജോലി വാഗ്ദാനം നൽകി കൗണ്‍സിൽ ഓഫ് ചർച്ച് ഭാരവാഹി പ്രകാശ് തോമസ് ഉദ്യോഗാർഥികളെ സമരസ്ഥലത്തെത്തി സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി.
50 ഉദ്യോഗാർഥികൾക്ക് സിവിൽ പോലീസ് ഓഫീസർക്ക് ലഭിക്കുന്ന നിരക്കിലുള്ള ശന്പളത്തോടെ ജോലി നൽകാമെന്ന് അദ്ദേഹം വ്യക്തമാക്കിയെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.