പത്തനംതിട്ട: ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ 130 ഒഴിവുകള്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കെഎപി ക്യാന്പില്‍നിന്ന് ലഭിച്ചത് ഒരു അപേക്ഷ. കഴിഞ്ഞ ഒന്നിനാണ് ജില്ലാ പോലീസ് മേധാവി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കത്തു നല്‍കിയത്.
ഇതനുസരിച്ച് കെഎപി മൂന്ന് ബറ്റാലിയനില്‍ അറിയിപ്പ് നല്കിയപ്പോള് ലഭിച്ചത് ഒരു അപേക്ഷ മാത്രം. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ അറിയിക്കണമെന്ന് കെഎപി കമാന്‍ഡന്റ് നല്കിയ നോട്ടീസ് പ്രകാരം ലഭിച്ചത് ഒരാളെയാണ്. ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലയിലേക്ക് നിയമിക്കണമെന്ന് നിര്‍ദേശിച്ച് പോലീസ് ആസ്ഥാനത്തു നിന്നു എഡിജിപിയുടെ നിര്‍ദേശവും എത്തി.
പോലീസ് സ്റ്റേഷനുകളിലടക്കം ജോലി നോക്കാന്‍ ക്യാന്പുകളിലുള്ള പോലീസുകാര്‍ക്കുള്ള താത്പര്യക്കുറവാണ് ഇതു പ്രകടമാക്കുന്നതെന്ന് പറയുന്നു.ലോക്കല്‍ പോലീസിലെ ജോലി മാനസിക സമ്മര്ദത്തിനിടയക്കുന്നുവെന്നും സേനയില്‍ പൊതുവായി നിലനില്‍ക്കുന്ന അസ്വസ്ഥതകളാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിപിഒ തസ്തികയില്‍ നിയമനം സ്വാഭാവികമായി ക്യാന്പുകളില്‍ പരിശീലനം പൂര്ത്തിയാക്കിയിട്ടുള്ളവരില് നിന്നാണ് നടത്തുന്നത്. മുമ്പൊക്കെ ക്യാമ്പ് വിട്ട് ലോക്കലില്‍ ജോലിയെടുക്കാന്‍ തിരക്കായിരുന്നു.