കോഴിക്കോട്: യുവതിക്ക് താമസസൗകര്യത്തിനായി ഫ്ളാറ്റ് എടുത്ത് കൊടുത്തതിനു സസ്പെന്‍ഷനിലായി സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ രണ്ട് സംഭവങ്ങളില്‍കൂടി അന്വേഷണം.
മാധ്യമങ്ങളോടു സംസാരിച്ചതിനും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനുമാണ് യു. ഉമേഷിനെതിരേ വകുപ്പുതല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഉത്തരവിട്ടത്.
യുവതിക്കു ഫ്ളാറ്റ് എടുത്തു നല്‍കിയതിനു സസ്പെന്ഷന് നേരിട്ടതും സസ്പെന്‍ഷനിലെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു.
തുടര്‍ന്ന് മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ഉമേഷിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് പ്രതികരണവും നല്കി.
പ്രതികരണം പോലീസ് സേനയ്ക്കു കളങ്കമുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് വകുപ്പുതല അന്വേഷണത്തിനു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. കുന്നമംഗലം സിഐക്കാണ് അന്വേഷണ ചുമതല.
അതേസമയം സസ്പെന്ഷന് ഓര്‍ഡറിലെ “സദാചാര’ പരാമര്‍ശം പരസ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതു പോലീസ് ഉദ്യോഗസ്ഥരെ സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കി എന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ വെള്ളയില്‍ സിഐയെ ചുമതലപ്പെടുത്തിയത്.
വാക്കാലുള്ള അന്വേഷണത്തിനാണ് കമ്മീഷണര്‍ ഉത്തരവിട്ടത്. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഈ രണ്ട് അന്വേഷണങ്ങൾ കൂടാതെ യുവതിക്ക് ഫ്ളാറ്റ് എടുത്തു നല്‍കിയതിനും മറ്റും നടക്കാവ് സിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു പോലീസുകാരനെതിരേ ഓരേ സമയം മൂന്ന് അന്വേഷണങ്ങള്‍ നടത്തുകയെന്നത് സേനയില്‍ തന്നെ അപൂര്‍വമാണ്. ഈ സംഭവങ്ങളിലെല്ലാം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണറാണ്.
അസി.കമ്മീഷണര്‍ക്കെതിരേ സസ്പെന്‍ഷനിലായ പോലീസുകാരന്റെ സുഹൃത്തായ യുവതി ഐജിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
ഇതിന് പുറമേ പോലീസുകാരന്റെ സ്വദേശമായ വള്ളിക്കുന്ന് കേന്ദ്രീകരിച്ചും അന്വേഷിക്കുന്നതായാണ് വിവരം.