കൊച്ചി: പൊടുന്നനെയുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള സവിശേഷ ദൗത്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ചാപ്റ്ററും കൈകോർക്കുന്നു.
ഏഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹാർട്ട്ബീറ്റ്സ് എന്ന ബഹുജനപങ്കാളിത്തത്തോടെയുള്ള പരിശീലന പരിപാടി നവംബർ 16ന് നെടുന്പാശേരി സിയാൽ കണ്വൻഷൻ സെന്ററിൽ നടക്കും. ഗിന്നസ് ബുക്കിലും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കോർഡ്സിലും സ്ഥാനം നേടുകയെന്ന ലക്ഷ്യത്തോടെ 35000 ൽപരം വിദ്യാർഥികൾക്ക് ഒറ്റ ദിവസം സിപിആർ പരിശീലനം നൽകുകയെന്നതാണ് പരിപാടി.
നെഞ്ചിൽ തുടർച്ചയായി ശക്തിയായി കൈകൊണ്ട് അമർത്തിക്കൊണ്ടുള്ള സിപിആർ അറിഞ്ഞിരുന്നാൽ പൊടുന്നനെയുള്ള ഹൃദയാഘാതം കൊണ്ടുള്ള മരണനിരക്ക് കുറയ്ക്കാനാകും. അടിയന്തരഘട്ടങ്ങളിൽ തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹത്തെ നിലനിർത്തുന്നതിനു സഹായിക്കുന്ന ജീവൻരക്ഷാ മാർഗമായ സിപിആർ അഥവാ കാർഡിയോപൾമൊണറി റെസസിറ്റേഷനിൽ പരമാവധി പേർക്ക് പരിശീലനം നൽകുകയാണ് ഹാർട്ട് ബീറ്റ്സിലൂടെ ജില്ലാ ഭരണകൂടവും ഐഎംഎയും ലക്ഷ്യമിടുന്നത്.
2016 ഏപ്രിൽ ഏഴിന് ചെന്നൈയിൽ സവിത യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിശീലന യജ്ഞത്തിൽ എട്ടു മണിക്കൂർ എട്ടു മിനിറ്റിൽ 28,015 പേർക്ക് സിപിആർ പരിശീലനം നൽകിയിരുന്നു. നിലവിൽ ഈയിനത്തിലുള്ള ലോക റിക്കോർഡ് സവിത യൂണിവേഴ്സിറ്റിയുടെ പേരിലാണ്. 35000 ൽപരം വിദ്യാർഥികൾക്ക് ഒറ്റ ദിവസംകൊണ്ട് സിപിആർ പരിശീലനം നൽകി റിക്കാർഡ് ഭേദിക്കുകയെന്നതാണ് ഹാർട്ട്ബീറ്റ്സിന്റെ ലക്ഷ്യം.
16-ന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിശീലന പ്രക്രിയ വൈകുന്നേരം ആറുവരെ നീണ്ടുനിൽക്കും. എറണാകുളം ജില്ലയിൽ നിന്നുള്ള ഒൻപതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് പരിശീലന പരിപാടി. വിദ്യാർഥികളെ വിവിധ ബാച്ചുകളായി തിരിച്ച് പ്രത്യേകം സമയം വീതം ക്രമീകരിച്ചാണ് പരിശീലനം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന പരിപാടിക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, സാങ്കേതിക സഹായം നൽകും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9562029955, 8281820216 എന്നീ നന്പരുകളിൽ ബന്ധപ്പെടാം.