കൊല്ലം: തന്ത്രപരമായി മുന്നേറുക എന്ന രാഷ്ടീയ ഉത്തരവാദിത്വമാണ് നേതാക്കൾ ഇപ്പോൾ നിറവേറ്റേണ്ടതെന്നും പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് നടത്തണമെന്നും നിയുക്ത കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ്.
കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. തോൽക്കുേമ്പാൾ കലാപമുണ്ടാക്കുകയല്ല, പരാജയ കാരണങ്ങൾ ക്രിയാത്മകമായി വിലയിരുത്തുകയാണ് വേണ്ടത്.
കഴിഞ്ഞ തവണ പരാജയപ്പെട്ടശേഷം രാഹുൽഗാന്ധിക്കെതിരെ താൻ നടത്തിയത് വിമർശനമല്ലെന്നും നേതൃത്വം സജീവമാകണമെന്ന ഓർമപ്പെടുത്തൽ മാത്രമായിരുന്നെന്നും സി.ആർ മഹേഷ് പറഞ്ഞു.
നേതൃത്വം തെറ്റു തിരുത്തണമെന്ന് താൻ മുൻപ് പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. രാഹുൽഗാന്ധിയുടെ കാര്യത്തിലും ഇതുണ്ടായി. യുത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് പി.സി വിഷ്ണുനാഥിനെ വിമർശിച്ചത്.
താൻ ബിജെപി വോട്ട് വാങ്ങിച്ചുവെന്ന ആരോപണം ശരിയല്ല. തനിക്ക് എല്ലാവരുടെയും വോട്ടും ലഭിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ ബിജെപിക്ക് പോകുന്ന വോട്ടുകൾ തിരിച്ചുപിടിക്കുന്നത് തെറ്റായ കാര്യമല്ല.
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം, കടൽകയറ്റം തുടങ്ങിയവ പരിഹരിക്കാനുള്ള നടപടിയെടുക്കും. പ്രതിപക്ഷ എംഎൽഎ എന്നത് പരിമിതിയായി കാണുന്നില്ല.
വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജി ബിജു ഉപഹാരം സമർപ്പിച്ചു.