ഏങ്ങണ്ടിയൂർ: ദേശീയപാത 30 മീറ്ററിൽ മതിയെന്ന് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കിയതെന്ന് പൊതുപ്രവർത്തകനായ സി.ആർ.നീലകണ്ഠൻ.
മുലംപിള്ളി മുതൽ ഇത് വരെ പലയിടങ്ങളിലും വികസനത്തിന്റെ പേരിൽസ്ഥലം നഷ്ടപ്പെട്ടവരോട് വൻ ചതിയാണ് ഉദ്യോഗസ്ഥർ ചെയ്തത്. പല വിധ സമ്മർദ്ദങ്ങൾ ചെലുത്തി ഇവർ വെച്ച് നീട്ടുന്ന രേഖകളിൽ ഒപ്പിട്ടാൽ പെട്ടു പോകുമെന്നും എല്ലാം കഴിഞ്ഞാൽ ഇതേ ഉദ്യോഗസ്ഥർ കൈമലർത്തി ചതിക്കുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ 34 ദിവസമായി നടന്നുവരുന്ന കുടിയിറക്ക് വിരുദ്ധ സമരത്തിന്റെ ഭാഗമായി ദീപാവലി ദിനത്തിൽ സ്ത്രീകളും, കുട്ടികളും നടത്തിയ ഉപവാസസത്യാഗ്രഹ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ജയിൽനിറക്കാൻ സ്ത്രീകൾ അടുക്കളയിൽ നിന്നും പുറത്തേക്ക് വരണമെന്നും പുതുവൈപ്പ് ജനകീയസമര നേതാവ് മാഗ്ലിൻ ഫിലോമിന അഭിപ്രായപ്പെട്ടു.
സമരസമിതി ഭാരവാഹി കെ.എസ് ദേവദത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെന്പർ ഇർഷാദ് കെ.ചേറ്റുവ ,പ്രീന അജയഘോഷ് വ്യാപാരി വ്യവസായി പ്രതിനിധി എൻ.ക്കെ ശങ്കരൻകുട്ടി, രാജലക്ഷ്മി,ഉണ്ണികൃഷ്ണൻ, സമരസമിതി ഭാരവാഹികളായ അജയഘോഷ്, ആർ.എം ഷംസു, ഷീല അജയഘോഷ്, വിജീഷ് തെക്കേടത്ത്, തന്പി കളത്തിൽ ഷൈല ഹാഷിം ചേന്ദംപിള്ളി . ബിനു റോയ് ,ഡിജിൻ, തെരേസ, മിനു.തൻവി, ഇന്ദു. അഭിരാമി, അഡ്വ.രജിത എന്നിവർ പ്രസംഗിച്ചു.
സമരത്തിന്റെ ഭാഗമായി നാളെഎങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലേക്ക് സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ 9.30ന് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.