മിഠായി ആണെന്നു കരുതി പടക്കം വായിലിട്ടു ചവച്ച ചൈനാക്കാരിയായ യുവതിക്കു ഗുരുതര പരിക്ക്. സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽനിന്നുള്ള വു എന്ന സ്ത്രീക്കാണു പരിക്കേറ്റത്. ചൈനയിൽ സാധാരണ കിട്ടാറുള്ള പാൽ മിഠായി ആണെന്നു തെറ്റിദ്ധരിച്ച് പടക്കം വായിലിട്ടു കടിക്കുകയായിരുന്നു. കടിച്ച ഉടൻ പൊട്ടിത്തെറിച്ചു.
തീ ജ്വാലയുടെ സഹായമില്ലാതെ പൊട്ടിത്തെറിക്കുന്ന ചെറുപടക്കമായ ഷുവാങ് പാവോ ആണ് അപകടത്തിനിടയാക്കിയത്. നിലത്തെറിഞ്ഞും മറ്റുമാണ് ആളുകൾ ഈ പടക്കം പൊട്ടിക്കുക. യുവതിയുടെ സഹോദരൻ ആണു വീട്ടിൽ പടക്കം വാങ്ങിക്കൊണ്ടുവന്നത്.
പടക്കത്തിന്റെ പായ്ക്കറ്റിനൊപ്പം സ്നാക്ക് പായ്ക്കറ്റുമുണ്ടായിരുന്നു. സഹോദരനെത്തുന്പോൾ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്ന യുവതി മിഠായി ആണെന്നു കരുതി പടക്കം വായിലിടുകയായിരുന്നു.
സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കവർ പടക്കക്കമ്പനികൾ മേലിൽ ഉപയോഗിക്കരുതെന്നും അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു.