സുരക്ഷ ലവലേശമില്ല! ക്രിസ്തുമസ് അടുത്തതോടെ അനധികൃത പടക്ക വില്‍പ്പന പൊടിപൊടിക്കുന്നു; വില്‍പ്പന അധികൃതരുടെ ഒത്താശയോടെയെന്നും ആരോപണം

ക്രിസ്മസ്, പുതുവത്സരത്തിന്റെ ആഘോഷത്തിലേക്ക് ലോകം അമര്‍ന്നിരിക്കെ പലയിടത്തും അനധികൃത പടക്കവില്പന സജീവം. കോട്ടയം നഗരത്തില്‍ റോഡ് സൈഡില്‍ പോലും പടക്കങ്ങള്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. യാതൊരു സുരക്ഷയുമില്ലാതെയാണിത്. അധികൃതരുടെ കണ്‍മുമ്പില്‍ നടക്കുന്ന വന്‍ നിയമലംഘനത്തിനും അപകടഭീഷണിയ്ക്കുമെതിരെ അധികൃതര്‍ നടപടിയെടുക്കാനും മടിക്കുന്നു. കോട്ടയം ചന്തയിലും തിരുനക്കരയിലും കെഎസ്ആര്‍ടിസി പരിസരത്തും ഇത്തവരം വില്പന സജീവമായിരിക്കുകയാണ്.

സീസണായതോടെ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് നടത്തുന്ന ഈ കച്ചവടങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. തമിഴ്നാട്ടിലെ പടക്ക നിര്‍മാണ ശാലകളില്‍ നിന്ന് വന്‍ തോതില്‍ പടക്കമെത്തിച്ച് വില്‍പന നടത്തുന്ന സ്ഥാപനങ്ങളും സംസ്ഥാനത്തുടനീളം സജീവമാണ്. റോഡരികിലും മറ്റും അലക്ഷ്യമായി നടക്കുന്ന കച്ചവടവും വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നു. മിക്ക പടക്കകച്ചവട സ്ഥാപനങ്ങളും അവധിക്കാലമായതുകൊണ്ട് കുട്ടികളെ കച്ചവടത്തിനായി നിര്‍ത്തിയിരിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. പടക്ക നിര്‍മാണത്തിനും വില്‍പനക്കും പ്രത്യേക ലൈസന്‍സ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ അധികൃതരുടെ ഒത്താശയോടെയാണെന്ന ആരോപണവും ശക്തമാണ്. വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടാല്‍ മതിയാവില്ലെന്നും അത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.

 

 

 

 

 

 

Related posts