കോട്ടൂർ സുനിൽ
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റവും മനോഹരമായി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. വീടുകള്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ തയാറാക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്ന ഒരുക്കങ്ങള്‍.
നിറങ്ങളും ദീപങ്ങളും പടക്കം പൊട്ടുന്ന ശബ്ദവും കൂടിച്ചേരുന്ന അന്തരീക്ഷം. ഓരോ തമിഴന്റെയും ഹൃദയവികാരമാണിത്. എന്നാൽ തമിഴ്നാട്ടിൽ പടക്കങ്ങൾ പടികടന്നു ചെല്ലാത്ത ഒരു ഗ്രാമമുണ്ട്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍. പടക്കമല്ല പറവകളാണ് ഈ ഗ്രാമത്തിന് മുഖ്യം. ഗ്രാമത്തിന്റെ പേര് സിംഗംപുണരി കൊല്ലുഗുഡിപട്ടി.
കഴിഞ്ഞ 40 വര്‍ഷമായി നിശബ്ദമായാണ് ഇവരുടെ ദീപാവലി ദിനം കടന്നുപോകുന്നത്. ദീപാവലി അടുക്കുന്തോറും പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കൂടിക്കൂടി വരുന്നതാണ് തമിഴ്നാടിന്റെ പ്രത്യേകത.
സംഘം ചേര്‍ന്നും അല്ലാതെയുമൊക്കെ പടക്കം പൊട്ടിക്കല്‍ തമിഴര്‍ക്ക് ഹരമാണ്. എന്നാല്‍ കൊല്ലുഗുഡിപട്ടിക്കാര്ക്ക് ആ ഹരമെന്തെന്ന് അറിയുകപോലുമില്ല.
പടക്കങ്ങള്‍ വില്‍ക്കുന്ന ഒരു കടപോലുമില്ല ഇവിടെ. പടക്കം വേണമെന്ന് വാശിപിടിച്ചു കരയുന്ന കുട്ടികളുമില്ല. ആഘോഷിക്കാന്‍ പണമില്ലാഞ്ഞിട്ടല്ല. ആഘോഷങ്ങള്‍ ആരും വിലക്കിയിട്ടില്ല, അതൊരു ത്യാഗമാണ്. പ്രകൃതിക്ക് വേണ്ടി ചെയ്യുന്ന ത്യാഗം.
പ്രകൃതിയാണ്ഇവർക്ക് ദൈവം
കൊല്ലുഗുഡിപട്ടിയിലാണ് തമിഴ്നാട്ടിലെ പ്രശസ്തമായ വേട്ടാങ്കുടി പക്ഷി സങ്കേതം. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്ന ദേശാടന പക്ഷികളുടെ പ്രജനന കാലം തുടങ്ങുന്നത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ്. ഫെബ്രുവരി മാസം വരെ ഈ പക്ഷി സങ്കേതം അതീവ സുരക്ഷയിലായിരിക്കും.
പക്ഷികളുടെ സ്വതന്ത്ര വിഹാരത്തിനു തടസമാകുന്ന ഒരു കാര്യവും ഗ്രാമീണര്‍ ചെയ്യില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അവര്‍ക്ക് ഏറെ പ്രിയപ്പെട്ട ദീപാവലി ആഘോഷം ഉപേക്ഷിച്ചുള്ള സഹകരണം. ഈ പ്രവൃത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പക്ഷികളാണ് വേട്ടാങ്കുടി പക്ഷി സങ്കേതത്തില്‍ ദേശാടകരായി എത്തുന്നത്. പ്രജനനത്തിന് ഏറ്റവും സുരക്ഷിതത്വമുള്ള ഇടമായി പക്ഷികള്‍ക്ക് തോന്നിയതിനാലാവാം വര്‍ഷാവര്‍ഷം പറന്നെത്തുന്നവരുടെ എണ്ണം കൂടുന്നത്.
ഗ്രാമത്തില്‍ ജനിക്കുന്ന കുട്ടികളെയെല്ലാം പക്ഷി സങ്കേതത്തിന്റെ കാര്യം പറഞ്ഞു മുതിര്‍ന്നവര്‍ ബോധവല്‍ക്കരിച്ചിട്ടുണ്ട്. അതുകൊണ്ടു അവരാരും പടക്കങ്ങള്‍ വാങ്ങാനോ അത് പൊട്ടിച്ചു പക്ഷികള്‍ക്ക് അലോസരമുണ്ടാക്കാനോ മുതിരില്ല. പക്ഷികളെ സ്വീകരിക്കാനായി നേരത്തെതന്നെ ഗ്രാമം ഒരുങ്ങും. ഗ്രാമം ശുചിത്വമുള്ളതാക്കി വയ്ക്കാന്‍ ഗ്രാമീണര്‍ ശ്രദ്ധിക്കും.
പക്ഷി സങ്കേതത്തിലെ തടാകത്തില്‍ പക്ഷികള്‍ക്കായി അവര്‍ മീനുകളെ കാലേകൂട്ടി നിക്ഷേപിക്കും. ഈ മീനുകള്‍ പെറ്റുപെരുകി തുടങ്ങുമ്പോഴേക്കും ദേശാടന പക്ഷികള്‍ എത്തുന്ന സമയമാകും. പക്ഷികള്‍ക്ക് പ്രജനന കാലമത്രയും ആവശ്യമുള്ള ഭക്ഷണം തടാകത്തില്‍നിന്ന് ലഭിക്കും. വനം വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കൊല്ലുഗുഡി പട്ടിക്കാര്‍ അനുസരിക്കും. അങ്ങനെ ഗ്രാമത്തില്‍ വിരുന്നുവരുന്ന ‘വിദേശ അതിഥികള്‍ക്കായി’ അവര്‍ ഏറ്റവും സ്നേഹമുള്ള ആതിഥേയര്‍ ആയി മാറും.
ഫെബ്രുവരി മാസം തീരാറാകുമ്പോഴേക്കും ഇവരുടെ അതിഥികള്‍ തിരികെ പോകും. അതിനിടയില്‍ പടക്കം പൊട്ടിച്ചു ലോകം ആഘോഷിക്കുന്ന പല വിശേഷ ദിവസങ്ങളും കടന്നു പോകും. പടക്കം പൊട്ടിക്കരുതെന്ന നിയമമൊന്നുമില്ല, പക്ഷേ തങ്ങളുടെ ജീവിതവുമായി അത്രയ്ക്കും ഇഴുകി ചേര്‍ന്ന ഈ ദേശാടന പക്ഷികളെ ഒച്ചയിട്ടുപോലും അലോസരപ്പെടുത്താന്‍ കൊല്ലുഗുഡി പട്ടിക്കാര്‍ ആഗ്രഹിക്കുന്നില്ല.
ഈ ഗ്രാമം അന്തർദേശീയ തലത്തിലും
വ്യത്യസ്ത കൊണ്ട് പുകൾപ്പെട്ട ഈ ഗ്രാമം അന്തർദേശീയ തലത്തിലും അറിയപ്പെട്ടു. യുഎൻ തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും അതിന്റെ കരുതലിനും കാവലിനും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ഈ ഗ്രാമത്തെയാണ്. അതിനാൽതന്നെ ഗവേഷകരും പരിസ്ഥിതി സ്നേഹികളും ദേശം കടന്ന് കൂട്ടമായി എത്തുന്നു. ഇവരെ സ്വീകരിക്കാൻ ഗ്രാമീണരും തയ്യാർ.
പാവപ്പെട്ടവരുടെ ഗ്രാമം
പാവപ്പെട്ടവരുടെ ഗ്രാമമാണ് കൊല്ലുഗുഡിപട്ടി. കൂലിവേലക്കാരും കൃഷിക്കാരും നിറഞ്ഞ ഗ്രാമം. ജാതിമത ഭേദമെന്യേ ഇവർ പരിസ്ഥതി സ്നേഹത്തിൽ ഒറ്റക്കെട്ടാണ്. അതാണ് ഇവിടെ കാണാൻ കഴിയുന്നതും.
തമിഴ്നാട് സർക്കാരും ഇവർക്ക് കൂട്ടാണ്. വനം വകുപ്പിന് പുറമേ എല്ലാ വകുപ്പുകളും ഏജൻസികളും ഗ്രാമീണർക്ക് കൂട്ടായുണ്ട്. അതിനായി സാമ്പത്തിക സഹായവും നൽകുന്നുണ്ട്.