നാട്ടുകാരെ ഭീതിയിലാഴ്ത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ കാറിടിച്ച് എസ്ഐയുടെ ഇടതുകൈ ഒടിഞ്ഞു. കോടിമത നല്ലതില്പുതുപ്പറമ്പ് മുഹമ്മദ് ഷെരീഫ് (ഷാ-31), സുഹൃത്തുക്കളായ ഇല്ലിക്കല്‍ നൗഷാദ് മന്‍സില്‍ നിഷാദ് (29), വേളൂര്‍ വാഴേപ്പറമ്പ് പനയ്ക്കച്ചിറ അരുള്‍ മോഹന്‍ (23) എന്നിവരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടിന് തിരുവാതുക്കല്‍ ഭാഗത്ത് റോഡിലാണ് സംഭവം. ഷെരീഫും സുഹൃത്തുക്കളും സന്ധ്യമുതല്‍ റോഡില്‍ അപകടകരമായ രീതിയില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.
ഇതുവഴിയെത്തിയ മറ്റുവാഹനങ്ങള്‍ക്ക് ഭീഷണിയായി സംഘം മാറിയതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എസ്ഐ ടോം മാത്യുവും 2 പോലീസുകാരും ജീപ്പിലെത്തിയതോടെ മുഹമ്മദ് ഷെരീഫും സുഹൃത്തുക്കളും വാഹനം അമിതവേഗത്തില്‍ ഓടിച്ചു കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ കാര്‍ ജീപ്പില്‍ രണ്ടു തവണ ഇടിപ്പിച്ചു. ഇവരെ തടയാനായി പുറത്തിറങ്ങിയ എസ്ഐയെ കാര്‍ തട്ടിവീഴ്ത്തിയതോടെയാണ് കയ്യൊടിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
പോലീസുകാര്‍ വെസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി പ്രതികള്‍ രക്ഷപ്പെടും മുമ്പേ കസ്റ്റഡിയില്‍ എടുത്തു. കാര്‍ ഇടിച്ച് പോലീസ് ജീപ്പിന്റെ ഒരുഭാഗം തകര്‍ന്നു. മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍ എന്നു പൊലീസ് പറഞ്ഞു. മൂവര്‍സംഘം പതിവായി റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി. പോലീസിന്റെ ജോലിയ്ക്ക് തടസ്സം സൃഷ്ടിച്ചതിനും പോലീസിനെ ആക്രമിച്ചതിനുമാണ് കേസ്.പരുക്കേറ്റ ടോം മാത്യുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.