തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മായുകില്ല. കണ്ണുകൊണ്ട് സൂര്യ പ്രണയം പറഞ്ഞ ആ സീനിന്റെ സൗന്ദര്യം മറ്റൊന്നായിരുന്നു.
ഒടുവില്‍ കാമുകിയെ കണ്ടെത്താന്‍ അതേ ടീഷര്‍ട്ടണിഞ്ഞ് അമേരിക്ക വരെ പോയ കാമുകന്‍ പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ ഒരു നവ്യാനുഭവമാണ് സമ്മാനിച്ചത്. ഇതൊക്കെ സിനിമയില്‍ മാത്രമല്ലേ നടക്കൂ, ഇതു വല്ലതും യഥാര്‍ഥ ജീവിതത്തില്‍ നടക്കുമോയെന്നു സംശയിക്കുന്നവരോട് ഇതല്ല ഇതുക്കും മേലെ നടക്കും എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നിരിക്കുകയാണ് ഒരു കാമുകന്‍.
സിനിമയില്‍ നായകന്‍ സൂര്യയാണെങ്കില്‍ ബിശ്വജിത്ത് പഠാര്‍ ആണ് ജീവിതകഥയിലെ സൂപ്പര്‍ ഹീറോ കാമുകന്‍. കൊല്‍ക്കത്തക്കാരനായ ബിശ്വജിത്ത് ട്രെയിനില്‍ വെച്ചു കണ്ട സ്വപ്ന നായികയെ കണ്ടെത്താന്‍ 4000 പോസ്റ്ററാണ് വഴിയോരങ്ങളില്‍ പതിച്ചത്.
കോന്നഗര്‍ മുതല്‍ ബാലി വരെ ആറു കിലോമീറ്ററില്‍ നിറയെ പോസ്റ്ററുകളാണ്. ഇതു കൂടാതെ തന്റെ പ്രണയം പറയുന്ന ഏഴു മിനിട്ട് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിമും നിര്‍മ്മിച്ചു. ഫോണ്‍ നമ്പറും ഷോട്ട് ഫിലിം ലിങ്കും പെണ്‍കുട്ടിയെ കണ്ട ദിവസമുള്ള വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
”എനിക്കറിയാം ഞാന്‍ ചെയ്യുന്നത് അല്‍പം വട്ടാണെന്ന്, പക്ഷേ എനിക്ക് വെറൊന്നും ചെയ്യാനില്ല. അത് ആദ്യ ദര്‍ശനത്തിലെ പ്രണയമായിരുന്നു. അവളെ എന്റെ മനസ്സില്‍ നിന്നു കളയാന്‍ കഴിയുന്നില്ല, ബിശ്വജിത്ത് പറയുന്നു.
ജൂലൈ 23നാണ് ഓഫീസില്‍ നിന്ന് മടങ്ങും വഴി തന്റെ നായികയെ കണ്ടത്. എന്നാല്‍ പിന്നീടവളെ കണ്ടെത്താനായില്ല. സര്‍ക്കാര്‍ ജോലിക്കാരനായ ബിശ്വജിത്ത് എല്ലാ ദിവസവും ജോലി കഴിഞ്ഞ് അവളെ കണ്ടപ്പോള്‍ ധരിച്ചിരുന്ന ടീഷര്‍ട്ടുമിട്ട് എന്നും സ്റ്റേഷനില്‍ കാത്തു നില്‍ക്കാറുണ്ട്
. ‘എനിക്കവളെ അപമാനിക്കണമെന്നോ അവളെ എന്തെങ്കിലും പ്രശ്നത്തിലേയ്ക്ക് തള്ളിവിടണമെന്നോ ആഗ്രഹമില്ല.ഞാന്‍ ഇതെല്ലാം ചെയ്യുന്നത് അവളെ കണ്ടെത്താനാണെന്ന് അവളറിയണം.
അവള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവള്‍ എന്നെ വിളിക്കണം, അതിനു വേണ്ടിയാണിതെല്ലാം” ബിശ്വജിത്ത് പറയുന്നു. എന്തായാലും പല കാമുകന്മാര്‍ക്കും ബിശ്വജിത്തിന്റെ പ്രവൃത്തി ഒരു പ്രചോദനമാകുമെന്നുറപ്പാണ്.