എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടിയതായി റിപ്പോര്‍ട്ട്. തിരുവല്ലം സ്വദേശി വിനോദ് ജി നായര്‍ക്കാണ് ഒരു ലക്ഷത്തി മൂവായിരം രൂപ നഷ്ടമായത്. ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനു പിന്നാലെയാണ് പണം നഷ്ടമായത്. ഒടിപി നമ്പര്‍ പോലും കൈമാറാതെ പുതിയ രീതിയിലായിരുന്നു തട്ടിപ്പ് നടന്നത്.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയായ തിരുവനന്തപുരം സ്വദേശി വിനോദ് ജി നായര്‍ക്ക് ഇന്നലെ വൈകുന്നേരം 4.42നാണ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടന്നതായി ആദ്യം സന്ദേശം ലഭിക്കുന്നത്. തട്ടിപ്പ് അറിയിക്കാന്‍ എസ്ബിഐ കസ്റ്റമര്‍ കെയറില്‍ വിളിച്ചെങ്കിലും പതിനഞ്ച് മിനിറ്റ് കത്തുനില്ക്കേണ്ടി വന്നു. ഇതിനിടെ വിനോദിന്റെ കാര്‍ഡില്‍ നടന്നത് 13 ഇടപാടുകള്‍. ഇടപാടുകള്‍ നടത്താനുള്ള ഒടിപി നമ്പര്‍ മെസേജ് മൊബൈലില്‍ ലഭിച്ചെങ്കിലും വിനോദ് ഇത് ആര്‍ക്കും കൈമാറിയിരുന്നില്ല. പരാതിയോട് തണുപ്പന്‍ പ്രതികരണമായിരുന്നു എസ്ബിഐക്കും എന്നാണറിയുന്നത്. പോലീസിലും സൈബര്‍ സെല്ലിലും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.