സ്വന്തം ജീവന് നല്‍കിയും രാജ്യത്തെ കാക്കുന്ന ഒരാളെ ആരെങ്കിലും ഭീകരന് എന്നു വിളിച്ചാല്‍ രാജ്യസ്നേഹമുള്ള ഒരാള്‍ക്കും അത് സഹിക്കാനാവില്ല.
ഇത്തരത്തില്‍ സ്വന്തം മകനുമേല്‍ ചാര്‍ത്തപ്പെട്ട ഭീകരവാദിപ്പട്ടം 13 മാസത്തിനൊടുവില്‍ അഴിച്ചു മാറ്റപ്പെട്ടതിന്റെ ആശ്വാസം ഈ അച്ഛന് അനുഭവിക്കാനാവില്ല.
മന്‍സൂര്‍ അഹമ്മദ് വഗെയ് എന്ന അച്ഛന്റെ രാജ്യസ്നേഹിയായ ആ മകന് ഇന്ന് ഭൂമിയിലില്ല. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടെറിട്ടോറിയല്‍ ആര്‍മി റൈഫിള്‍ മാന്‍ ആയ ഷക്കീര്‍ മന്‍സൂറിനെ കാണാതായത്.
പിന്നാലെ പലപല അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ജന്മനാടിനെ അത്രമേല്‍ സ്നേഹിക്കുന്ന പിതാവിനെ ഏറ്റവും വേദനിപ്പിച്ചത് ഷക്കീര്‍ ഭീകര്‍ക്കൊപ്പം ചേര്‍ന്നെന്ന പ്രചാരണമായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷക്കീറിനെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാര്‍ത്ത വന്നതോടെ, മണ്‍വെട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയ മന്‍സൂര്‍ താഴ്വരയിലുടനീളം തിരച്ചില്‍ നടത്തി. ഒന്നും കണ്ടെത്താനായില്ല.
രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകന് ഭീകരര്‍ക്കൊപ്പം ചേര്‍ന്നുവെന്ന വ്യാജപ്രചാരണം മന്‍സൂറിനെ അത്രമേല്‍ തളര്‍ത്തി.
പക്ഷേ തോല്ക്കാന് ഒരുക്കമല്ലായിരുന്നു ആ പിതാവ്. മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോള്‍ ഷക്കീര്‍ പാക്കിസ്ഥാനില്‍ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെയാണ് പോലീസുകാര്‍ തന്നെ പ്രതികരിച്ചത്.
അഹമ്മദ് തളര്‍ന്നില്ല, അതൊന്നും വിശ്വസിച്ചുമില്ല. മകനായുള്ള അന്വേഷണം അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു
കഴിഞ്ഞ ദിവസം ഷക്കീറിന്റെ അഴുകിയ മൃതദേഹം കുല്‍ഗാമില്‍ നിന്ന് കണ്ടെടുത്തു. കയ്യിലെ ബ്രേസ്ലെറ്റില് നിന്ന് മകനെ അഹമ്മദ് തിരിച്ചറിഞ്ഞു.
ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങള്‍ അഹമ്മദ് തിരികെ എത്തിച്ചു. ഒടുവില്‍ പൂര്‍ണ ബഹുമതികളോടെ ഷക്കീറിന് സൈന്യം വിട നല്കി. ആ ധീരജവാന് ആരോപണഭാരങ്ങളൊന്നുമില്ലാതെ അങ്ങനെ ഈ ലോകത്തു നിന്നും യാത്രയായി.