വിഴിഞ്ഞം: കോവിഡ് നിയന്ത്രണങ്ങൾ മാറി വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങൾ തുറന്നതും വിഴിഞ്ഞത്തെ ടഗുകളുടെ കുറവും ക്രൂ ചേഞ്ചിംഗ് മന്ദഗതിയിലാക്കി.
ഒാഗസ്റ്റ് മാസത്തിൽ തൊണ്ണൂറോളം കപ്പലുകൾ ജീവനക്കാരെ ഇറക്കാനും കയറ്റാനുമായി വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടിരുന്നെങ്കിൽ സെപ്റ്റംബറിൽ നേർ പകുതിയിൽ താഴെയായി.
സിംഗപ്പൂർ, കൊളംബോ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങൾ മാസങ്ങളോളമുള്ള അടച്ച് പൂട്ടലിനുശേഷം കഴിഞ്ഞ മാസം മുതൽ തുറന്ന് നൽകി.
ക്രൂചേഞ്ചിംഗ് ആരംഭിച്ച ശേഷം വളരെ വേഗത്തിൽ അഞ്ഞൂറ് തികച്ച വിഴിഞ്ഞം തുറമുഖം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ കപ്പലടുപ്പിച്ച് മൈനർ പോർട്ടുകളിൽ ഇന്ത്യയിൽ ഒന്നാം നിരയിലെത്തി.
കുറഞ്ഞ ചെലവിൽ ക്രൂ ചേഞ്ചിംഗ് നടത്താമെന്നതും അന്താരാഷ്ട്ര കപ്പൽ ചാനലിന് സമീപമെന്ന പ്രത്യേകതയും കണക്കിലെടുത്ത് പതിനൊന്നോളം ഏജന്റുമാരും താത്പര്യപൂർവ്വം ഇവിടഐത്തി.
കാറ്റും കടൽക്ഷോഭവും വകവയ്ക്കാതെ ലോകത്താകമാനമുള്ള പത്ത് കപ്പലുകൾ വരെ ചില ദിവസങ്ങളിൽ തുറമുഖത്ത് നങ്കൂരമിട്ട് ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയ ചരിത്രവും അടുത്ത കാലത്ത് വിഴിഞ്ഞത്തുണ്ടായി.
എന്നാൽ കഴിഞ്ഞ മാസം മുതൽ അതിന്കാര്യമായ മാറ്റമുണ്ടായി. ഇതര രാജ്യങ്ങളിലേക്ക് പോയ കപ്പലുകൾ ചുറ്റിക്കറങ്ങി തിരിച്ച് വരുന്നതിനുള്ള ഇടവേളയിലെ കുറവാണ് പ്രകടമാകുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മറ്റ് തുറമുഖങ്ങൾ തുറന്നതാണ് കാരണമെന്ന് ഏജന്റുമാർ പറയുന്നു.
ക്രൂ ചേഞ്ചിംഗ് മാത്രം നടക്കുന്ന വിഴിഞ്ഞത്ത് നിന്ന് കപ്പലുകളിൽ നിറക്കാനുള്ള കുടിവെള്ളം, ഇന്ധനം നിറക്കാനുള്ള സൗകര്യം,
വിദേശികൾക്ക് തിരികെ കയറാനുള്ള അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അധികൃതർ മുൻതൂക്കം നൽകേണ്ടതുണ്ട്.
ദിവസം അഞ്ചും പത്തും കപ്പലുകൾ വരെ വന്നപ്പോഴും ഉണ്ടായിരുന്ന ഏക ടഗുവച്ചുള്ള കയറ്റിറക്കൽ നടത്തിയതും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും തിരിച്ചടി നൽകി.
കൂടുതൽ ടഗുകൾ എത്തിക്കണമെന്ന നിരന്തര ആവശ്യവും ആദ്യം പരിഗണിച്ചില്ല. കഴിഞ്ഞ മാസം ചാലിയാർ എന്ന ചെറിയ ടഗിനെ അധികമായി വിഴിഞ്ഞത്ത് കൊണ്ടുവന്നെങ്കിലും ഒരു കപ്പലിലെ ജീവനക്കാരെ മാത്രം കയറ്റിയിറക്കിയ ശേഷം കൊല്ലത്തേക്ക് മടങ്ങി.
കോവിഡ് മഹാമാരിക്കിടയിൽ സർക്കാരിന് കോടികളുടെ വരുമാനം നൽകിയതുറമുഖത്തിൻ്റെ അടിസ്ഥാന വികസനത്തിന് അധികൃതർ അടിയന്തിരമായ ഇടപെടൽ നടത്തിയാൽ മാത്രമേ അന്താരാഷ്ട്ര ക്രൂ ചേഞ്ചിംഗ് സെൻ്ററായി പ്രഖ്യാപിച്ച വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽമാറ്റമുണ്ടാകു.