മാവേലിക്കര: ചുനക്കര ലീലാലയം വീട്ടിൽ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിൽ മകൾ ശ്രീജമോൾക്ക് (36) ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.
കേസിലെ ഒന്നാംപ്രതിയും ശ്രീജമോളുടെ കാമുകനുമായ കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് വീട്ടിൽ റിയാസ്(37), രണ്ടാംപ്രതി റിയാസിന്റെ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (38) എന്നിവർക്ക് ഇരട്ടജീവപര്യന്തവും മാവേലിക്കര അഡീ. ജില്ലാ ജഡ്ജി സി.എസ്. മോഹിത് ശിക്ഷ വിധിച്ചു.
കൊലക്കുറ്റത്തിന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും, ക്രിമിനൽ ഗൂഢാലോചനയ്ക്ക് 120 (ബി) വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയുമാണ് ഒന്നും രണ്ടും പ്രതികളുടെ ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നരവർഷം അധികതടവ് അനുഭവിക്കണം.
മൂന്നാം പ്രതി ശ്രീജമോൾ പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. ഇതിനു പുറമെ ഒന്നാംപ്രതി റിയാസിനെ തെളിവുനശിപ്പിക്കലിന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. പിഴത്തുകയായ നാലുലക്ഷം രൂപ ശശിധരപണിക്കരുടെ ഭാര്യ ശ്രീദേവിക്കു നൽകണം
പ്രോസിക്യൂഷൻ 31 സാക്ഷികളെയും പ്രതിഭാഗം രണ്ടുസാക്ഷികളെയും വിചാരണ വേളയിൽ ഹാജരാക്കി. 42 തൊണ്ടിമുതലുകളും 70 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
അഞ്ചാംസാക്ഷി, ശശിധരപണിക്കരുടെ ഭാര്യ ശ്രീദേവി, തനിക്കു സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെന്നു കോടതിയെ ധരിപ്പിച്ചിരുന്നു.
ആറാം സാക്ഷി, ശ്രീജമോളുടെ സഹോദരി ശരണ്യ അടക്കം നാലുസാക്ഷികൾ കൂറുമാറിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോണ്‍വിളികളുടെ രേഖകളും പ്രതികൾക്കെതിരായ ശക്തമായ തെളിവുകളായി.
ശശിധരപ്പണിക്കരുടെ സഹോദരൻമാർ വാസുദേവനും ദാസും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.