അബുദാബി: ട്വന്റി-20 ലോകകപ്പിൽനിന്ന് ഇന്ത്യ പുറത്തായി. അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനോട് തോറ്റതോടെയാണ് ഇന്ത്യൻ മോഹങ്ങൾ പൊലിഞ്ഞത്.
ഇന്നത്തെ മത്സരത്തിൽ അഫ്ഗാൻ ന്യൂസിലൻഡിനോട് ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്കു സെമി സാധ്യതകൾ ഉണ്ടായിരുന്നുള്ളു.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂസിലൻഡ് 18.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
28 റണ്‍സ് നേടിയ മാർട്ടിൻ ഗപ്ടിലിനെയും 17 റണ്‍സെടുത്ത ഡാരിൽ മിച്ചലിനെയുമാണ് ന്യൂസിലൻഡിന് നഷ്ടമായത്.
നായകൻ കെയ്ൻ വില്യംസണ് 40 റണ്‍സും ഡെവണ്‍ കോണ്‍വേ 36 റണ്‍സുമെടുത്ത് ന്യൂസിലൻഡിനെ വിജയതീരത്ത് എത്തിച്ചു.
ജയത്തോടെ ഗ്രൂപ്പ് രണ്ടിൽനിന്നും എട്ട് പോയിന്റുമായി ന്യൂസിലൻഡ് സെമി ഫൈനലിലേക്ക് കടന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സെടുത്തത്.
അർധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാൻ നിരയിൽ മികച്ച പ്രകടനം നടത്താനായത്.
48 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടെ സദ്രാൻ 73 റണ്‍സെടുത്തു. ഗുൽബാദിൻ 15 റണ്‍സും നബി 14 റണ്‍സും നേടി. മറ്റാർക്കും അഫ്ഗാൻ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചില്ല.
ന്യൂസിലൻഡിനായി ബോൾട്ട് മൂന്ന് വിക്കറ്റ് നേടി. സൗത്തി രണ്ട് വിക്കറ്റും വീഴ്ത്തി.