തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടത്താൻ ഏറെ വിവാദങ്ങൾക്കൊടുവിൽ തീരുമാനം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ ടർഫിൽ ക്രിക്കറ്റ് പിച്ചൊരുക്കി അവിടെ മത്സരം നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാടിനെതിരേ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കെസിഎ നിലപാട് മാറ്റിയത്.
ഇന്നലെ കായിക മന്ത്രി എ.സി. മൊയ്തീനെ സന്ദർശിച്ച കെസിഎ പ്രസിഡന്റ് റോംഗ്ളിൻ ജോണും സെക്രട്ടറി ജയേഷ് ജോർജും മത്സരം തിരുവനന്തപുരത്ത് നടത്താൻ സന്നദ്ധമാണെന്ന് അറിയിച്ചു.
കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പിച്ച് ഉൾപ്പെടെയുള്ളപ്പോൾ കൊച്ചിയിൽ ക്രിക്കറ്റ് മത്സരത്തിനായി ശ്രമിക്കുന്നതിനെതിരേ സച്ചിൻ തെണ്ടുൽക്കർ, ശശി തരൂർ എംപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടു. കൊച്ചിയിൽ ക്രിക്കറ്റ് നടത്തിയാൽ ഐഎസ്എൽ ഹോം മാച്ചുകൾ പ്രതിസന്ധിയിലാവുമെന്നു കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും അറിയിച്ചു.
ജിസിഡിഎയുമായി കരാറിലേർപ്പെട്ടിട്ടുള്ള തങ്ങൾക്കു സ്റ്റേഡിയം നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി പ്രതിവർഷം വൻതുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും എന്നിട്ടും അവിടെ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കഴിയാത്തതിനു ന്യായീകരണമില്ലെന്നുമാണ് ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.
കേരളത്തിന്റെ ഏല്ലാ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്കും എത്തിച്ചേരാൻ പറ്റുന്ന സ്ഥലമെന്ന നിലയിലും കൊച്ചിയിലാണു മത്സരങ്ങൾ നടത്താൻ കൂടുതൽ താത്പര്യമെന്നായിരുന്നു ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.
കൊച്ചിയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിനായി പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു സർക്കാരിന്റെ സഹായം കായിക മന്ത്രി വാഗ്ദാനം ചെയ്തതായി കെസിഎ ഭാരവാഹികൾ പറഞ്ഞു. 24 ന് നടക്കുന്ന കെസിഎ ജനറൽ ബോഡി യോഗത്തിനുശേഷമേ വേദി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരികയുള്ളൂ.