ക്രൈസ്റ്റ്ചർച്ച്: പാക്കിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മത്സരത്തിൽ ന്യൂസിലൻഡിന് ഏഴ് വിക്കറ്റിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കേ കിവീസ് മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും കിവീസ് ജയം സ്വന്തമാക്കി.
അർധ സെഞ്ചുറി നേടിയ ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്സുമാണ് ന്യൂസിലൻഡിന് അനായാസ ജയം സമ്മാനിച്ചത്. 44 പന്തിൽ ഏഴു ഫോറുകളും രണ്ടു സിക്സറുമുൾപ്പെടെ 72 റൺസോടെ പുറത്താകാതെ നിന്ന മിച്ചലാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. 52 പന്തിൽ അഞ്ചുഫോറുകളും മൂന്നു സിക്സറുമുൾപ്പെടെ 70 റൺസുമായി ഫിലിപ്സും പുറത്താകാതെ നിന്നു.
ഒരുഘട്ടത്തിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട കിവീസിനെ ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ അപരാജിത കുതിപ്പിലേക്ക് നയിക്കുകയായിരുന്നു. സഖ്യം 139 റൺസാണ് നേടിയത്.
കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഫിൻ അലീൻ (8), ടിം സിഫേർട്ട് (0) എന്നിവരെ ആദ്യ ഓവറിൽ തന്നെ മടക്കിയ ഷഹീൻ ഷാ അഫ്രീദി പാക്കിസ്ഥാന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. തന്റെ രണ്ടാം ഓവറിൽ വിൽ യംഗിനെ (4) കൂടി വീഴ്ത്തി അഫ്രീദി കിവീസിനെ 20/3 എന്ന നിലയിൽ എത്തിച്ചപ്പോഴാണ് മിച്ചൽ-ഫില്പ്സ് സഖ്യം ക്രീസിൽ ഒത്തുചേർന്നത്. മിച്ചലാണ് മാൻ ഓഫ് ദ മാച്ച്.
നേരത്തെ, ഓപ്പണർ മുഹമ്മദ് റിസ്വാന്റെ അപരാജിത അർധസെഞ്ചുറി (90) കരുത്തിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് അഞ്ചു റൺസെടുക്കുന്നതിനിടെ ആദ്യവിക്കറ്റ് നഷ്ടമായി. ഒരു റണ്ണുമായി സൈയിം അയൂബ് മടങ്ങി.
പിന്നാലെ ക്രീസിലെത്തിയ ബാബർ അസമുമായി ചേർന്ന് റിസ്വാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 56ൽ നില്ക്കെ 19 റൺസുമായി ബാബർ അസം മടങ്ങിയതോടെ സ്കോറിംഗ് മന്ദഗതിയിലായി.
പിന്നാലെയെത്തിയ ഫഖർ സമാൻ (ഒമ്പത്), സഹിബ്സാദ ഫർഹാൻ (ഒന്ന്), ഇഫ്തിഖർ അഹമ്മദ് (10) എന്നിവർ വന്നപോലെ മടങ്ങിയപ്പോഴും ഒരറ്റത്ത് അർധ സെഞ്ചുറിയുമായി റിസ്വാൻ പൊരുതിനിന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മുഹമ്മദ് നവാസിന്റെ ബാറ്റിംഗാണ് പാക്കിസ്ഥാനെ 150 കടത്തിയത്. ഒമ്പതു പന്തിൽ മൂന്നു സിക്സറുകൾ ഉൾപ്പെടെ 21 റൺസാണ് നവാസ് അടിച്ചുകൂട്ടിയത്.
63 പന്തിൽ ആറു ഫോറുകളും രണ്ട് സിക്സറുമുൾപ്പെടെ 90 റൺസുമായി മുഹമ്മദ് റിസ്വാൻ പുറത്താകാതെ നിന്നു. കിവീസിനു വേണ്ടി മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.