തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ മുംബൈ 251 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റുമായി തിളങ്ങിയ ശ്രേയസ് ഗോപാലാണ് മുബൈയുടെ നടുവൊടിച്ചത്. ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എം.ഡി. നിഥീഷ്, വിശ്വേശര്‍ സുരേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റ് നഷ്ടമായത് കനത്ത തിരിച്ചടിയായി. ജയ ബിസ്ത, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവരെ പേസർ ബേസിൽ തമ്പിയാണ് സ്കോർ ബോർഡ് തുറക്കും മുൻപ് കൂടാരം കയറ്റിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ മുംബൈയ്ക്ക് വിക്കറ്റുകൾ കൊഴിഞ്ഞു.
ഭൂപന്‍ ലാല്‍വാനി (50), ശിവം ദൂബെ (51), തനുഷ് കോടെയിൻ (56) എന്നിവരുടെ അർധ സെഞ്ചുറികളാണ് മുംബൈ ഇന്നിംഗ്സിലെ സവിശേഷത.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പര പൂർത്തിയാക്കി എത്തിയ സഞ്ജു സാംസൺ കേരളത്തിന്റെ നിരയിൽ തിരിച്ചെത്തി. സഞ്ജുവാണ് ടീമിനെ നയിക്കുന്നത്. സഞ്ജുവിന്റെ അഭാവത്തിൽ ആസാമിനെതിരായ രണ്ടാം മത്സരത്തിൽ രോഹൻ എസ്. കുന്നുമ്മലായിരുന്നു കേരളത്തിന്റെ നായകൻ.