ഇന്‍ഡോര്‍: അശ്വിന്‍ ഒരിക്കല്‍ക്കൂടി അന്തകനായപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. ഏഴു വിക്കറ്റ് നേടി അശ്വിന്റെ പ്രകടനത്തിനു മുന്നില്‍ തകര്‍ന്ന കിവീസിന് ലക്ഷ്യത്തിന് 321 റണ്‍സ് അകലെ പത്തി താഴ്ത്താനായിരുന്നു വിധി. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ആറു വിക്കറ്റ് കൂടി ചേര്‍ത്താല്‍ മത്സരത്തില്‍ മൊത്തം 13 വിക്കറ്റുകളാണ് അശ്വിന്‍ കീശയിലാക്കിയത്. പരമ്പരയിലാകെ 27 വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 475 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവീസ് ഒരു ദിവസം ബാക്കിനില്‍ക്കെ 153ല്‍ എല്ലാവരും പുറത്തായി. 32 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. അശ്വിനു മികച്ച പിന്തുണ നല്‍കിയ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് നേടി. ഇതു നാലാം തവണയാണ് ഇന്ത്യ മൂന്നു ടെസ്റ്റുകള്‍ക്കു മുകളിലുള്ള ഒരു പരമ്പര തൂത്തുവാരുന്നത്.
ഇന്ത്യ 216/3 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിന് മുന്നില്‍ 475 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തുപകര്‍ന്നത്. 101 റണ്‍സോടെ പൂജാര പുറത്താകാതെ നിന്നു. ടെസ്റ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ അര്‍ധ സെഞ്ചുറി നേടി. ഗംഭീര്‍ 50 റണ്‍സ് നേടി പുറത്തായി. പൂജാര സെഞ്ചുറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 18 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. മുരളി വിജയ് (19) വേഗത്തില്‍ നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ ഗംഭീര്‍–പൂജാര സഖ്യം വലിയ ലീഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. കിവീസിന് വേണ്ടി ജീതന്‍ പട്ടേല്‍ രണ്ടു വിക്കറ്റ് നേടി.