ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ ടീം രഹസ്യങ്ങൾ ചോർത്താൻ യുവതി ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഡൽഹിയിൽനിന്നുള്ള ഒരു നഴ്സ് ഇന്ത്യൻ താരത്തെ സമീപിച്ചതായാണു ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിംഗ് പറയുന്നത്.
യുഎഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 13-ാം സീസണിനിടെയാണു യുവതി താരത്തെ സമീപിച്ചത്. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണു യുവതി സമൂഹമാധ്യത്തിലൂടെ താരത്തോട് ആരാഞ്ഞത്. മുന്പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരം ഈ വിവരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്നാണ് ഇവർ പറഞ്ഞത്. ബിസിസിഐ നടത്തിയ അന്വേഷണത്തിൽ ഇവർ നഴ്സാണെന്നു വെളിപ്പെട്ടു. വാതുവയ്പിനു വേണ്ടിയാണു യുവതി രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതെന്നും അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. സ്വകാര്യതയെ മാനിച്ചു താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേരു പുറത്തുവിട്ടിട്ടില്ല.
ഈ നഴ്സും ക്രിക്കറ്റ് താരവും തമ്മിൽ ഏതാണ്ട് മൂന്നു വർഷത്തെ പരിചയമുണ്ടെന്നാണു വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇവരുമായി ഇന്ത്യൻ താരം സമൂഹ മാധ്യമത്തിലൂടെ സ്ഥിരമായി സന്ദേശങ്ങൾ കൈമാറിയിരുന്നതായും സൂചനയുണ്ട്.