പൂന: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് അരങ്ങേറ്റങ്ങളും രണ്ടു തിരിച്ചുവരവുകളുമാണ് ഇന്നലെ കണ്ടത്.
കൃണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും അരങ്ങേറിയപ്പോള്‍ ട്വന്റി 20 പരമ്പരയില്‍ നിറംമങ്ങിപ്പോയ ഓപ്പണര്‍ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ഫോമിലേക്കു തിരിച്ചെത്തി ഗംഭീരമാക്കി.
ധവാനാണ് മാൻ ഓഫ് ദ മാച്ച്. അരങ്ങേറ്റക്കാരും മത്സരം മനോ ഹരമാക്കി. ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കൃഷ്ണ (8.1-1-54-4) കാഴ്ചവച്ചത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ അതിവേഗം അര്‍ധശതകം പൂര്‍ത്തിയാക്കുന്ന താരം എന്ന റിക്കാര്‍ഡ് കൃണാല്‍ സ്വന്തമാക്കി.
ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സ് ജയം. 318 റൺസ് ലക്ഷ്യ ത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251ന്എല്ലാവരും പുറത്തായി.
അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്, കൃണാല്‍ പാണ്ഡ്യ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിൽ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു.
ധവാന് 98 റണ്‍സും കോഹ്ലി 56 റണ്‍സുമെടുത്ത് പുറത്തായി. 43 പന്തുകളില്‍നിന്നു നാല് വീതം ബൗണ്ടറികളും സിക്സുകളും പായിച്ച് 62 റണ്‍സെടുത്ത് രാഹുലും 31 പന്തുകളില്‍നിന്ന് ഏഴ് ബൗണ്ടറികളും രണ്ട് സിക്സുകളും പറത്തി 58 റണ്‍സെടുത്ത് കൃണാലും പുറത്താവാതെ നിന്നു.
ജേസണ്‍ റോയിയുടെയും ജോണി ബെയര്‍സ്റ്റോയുടെ തകര്‍പ്പന്‍ ഓപ്പണിംഗ് ബാറ്റിംഗിനു മുന്നില്‍ പകച്ചെങ്കിലും കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. ഒട്ടും പേടിയില്ലാതെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം.
റോയ്-ബെയര്‍സ്റ്റോ സഖ്യം 135 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. അരങ്ങേറ്റതാരം പ്രസിദ്ധ് കൃഷ്ണ റോയിയെ (46)പുറത്താക്കി ഈ സഖ്യം പൊളിച്ചു. രണ്ടു റണ്‍സു കൂടിയെത്തിയശേഷം സ്റ്റോക്സിനെയും (1) കൃഷ്ണ മടക്കി.
പിന്നീടെത്തിയവര്‍ക്ക് ബെയര്‍സ്റ്റോയ്ക്ക് ഉറച്ച പിന്തുണ നല്കാനുമായില്ല. സെഞ്ചുറിക്ക് ആറു റണ്‍സ് അകലെ വച്ച് ബെയര്‍സ്റ്റോയെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി. 66 പന്ത് നേരിട്ട താരം ആറു ഫോറും ഏഴു സിക്സും പായിച്ചു.
ഇയോന്‍ മോര്‍ഗനെയും (22), ജോസ് ബട്ലറെയും (2) ഒരോവറില്‍ പുറത്താക്കി ഠാക്കൂര്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. സാം ബില്ലിംഗ്സ്- മോയിന്‍ അലി കൂട്ടുകെട്ട് ശക്തമാകുന്നതിന് മുമ്പ് ഈ സഖ്യം കൃഷ്ണ തകര്‍ത്തു. ബില്ലിംഗ്സ് (18) കോഹ്ലിയുടെ കൈകളിലെത്തി.
വൈകാതെ തന്നെ മോയിന്‍ അലിയെ (30) ഭുവനേശ്വര്‍ പുറത്താക്കി. 12 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി വീണതോടെ ഇന്ത്യ വിജയം സ്വന്തമാക്കി.പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റും ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഭുവനേശ്വര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.
ടോസ് വിജയിച്ച ഇംഗ്ലീഷ് നായകന് ഇയോന്‍ മോര്ഗന് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. 64 റണ്‍സിന്റെ സഖ്യമാണു രോഹിതും ധവാനും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
42 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത രോഹിത് ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ബട്ലര് പിടിച്ചു പുറത്തായി. രോഹിത്തിനുശേഷമെത്തിയ കോഹ്ലി ധവാനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തു.
അതിനിടെ ധവാന് അര്‍ധസെഞ്ചുറി കുറിച്ചു. കോഹ്ലിയും അര്‍ധ സെഞ്ചുറി കടന്നു. നല്ലരീതിയില്‍ മുന്നോട്ടുപോയ ഈ സഖ്യം മാര്‍ക് വുഡ് പൊളിച്ചു. 60 പന്തില്‍ 56 റണ്‍സ് എടുത്ത ഇന്ത്യന്‍ നായകന് മോയിന്‍ അലിക്കു ക്യാച്ച് നല്കി. 105 റൺസ് ഈ സഖ്യത്തിൽ പിറന്നു.
കോഹ്ലി പുറത്താവുമ്പോള്‍ 32.1 ഓവറില്‍ 169 റണ്‍സിനു രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടെത്തിയ വർക്കു തിളങ്ങാനായില്ല. ശ്രേയസ് അയ്യര്‍ ആറു റണ്‍സ് മാത്രമെടുത്ത് പുറത്തായി.
സ്റ്റോക്സിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തിൽ 39-ാം ഓവറിലെ ആദ്യ പന്തില്‍ ധവാന്റെ മികച്ച ഇന്നിംഗ്സ് അവസാനിച്ചു. 106 പന്തുകളില്‍നിന്നു 11 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 98 റണ്‍സ് നേടിയ താരത്തെ മോര്ഗന് പിടികൂടി. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് (1) കാര്യമായൊന്നും ചെയ്യാനായില്ല.
പിന്നീട് ഒത്തുചേര്‍ന്ന അരങ്ങേറ്റതാരം കൃണാല്‍ പാണ്ഡ്യയും കെ.എല്‍. രാഹുലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനമാണു രാഹുലും കൃണാലും കാഴ്ചവച്ചത്.
26 പന്തുകളില്‍നിന്നും ആറ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണു കൃണാല്‍ കന്നി അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഇരുവരും പുറത്താ കാതെ 61 പന്തില്‍ 112 റണ്‍സുമായി ഇന്ത്യയുടെ സ്കോര്‍ മുന്നൂറിനപ്പുറമെത്തിച്ചു.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റ് നേടി.
സ്കോര്‍ബോര്‍ഡ് / ഇന്ത്യ
രോഹിത് ശര്‍മ സി ബട്ലര് ബി സ്റ്റോക്സ് 28, ധവാന് സി മോര്ഗന് ബി സ്റ്റോക്സ് 98, കോഹ് ലി സി അലി ബി വുഡ് 56, ശ്രേയസ് അയ്യര്‍ സി ലിവിംഗ്സ്റ്റണ് (സബ്) ബി വുഡ് 6, രാഹുല്‍ നോട്ടൗട്ട് 62, ഹര്‍ദിക് സി ബെയര്‍സ്റ്റോ ബി സ്റ്റോക്സ് 1, കൃണാല്‍ നോട്ടൗട്ട് 58, എക്സട്രാസ് 8 ആകെ 50 ഓവറില്‍ 317/5.
ബൗളിംഗ്
മാര്‍ക് വുഡ് 10-1-75-2, സാം കരന് 10-1-48-0, ടോം കരന് 10-0-63-0, സ്റ്റോക്സ് 8-1-34-3, ആദില്‍ റഷീദ് 9-0-66-0, മോയിന്‍ അലി
ഇംഗ്ലണ്ട്
ജേസണ്‍ റോയ് സി സൂര്യകുമാര്‍ യാദവ് (സബ്) ബി പ്രസിദ്ധ് കൃഷ്ണ 46, ബെയര്‍സ്റ്റോ സി കുല്‍ദീപ് ബി ഠാക്കൂര്‍ 94, സ്റ്റോക്സ് സി ശുഭ്മാന്‍ ഗില്‍ ബി കൃഷ്ണ 1, മോര്ഗന് സി രാഹുല്‍ ബി ഠാക്കൂര്‍ 22, ബട്ലര് എല്‍ബിഡബ്ലു ബി ഠാക്കൂര്‍ 2, ബില്ലിംഗ്സ് സി കോഹ് ലി ബി കൃഷ്ണ 18, അലി സി രാഹുല്‍ ബി ഭുവനേശ്വർ 30, സാം കരന് സി ഗില്‍ (സബ്) ബി കൃണാല്‍ പാണ്ഡ്യ 12, ടോം കരന് സി ഭുവനേശ്വര്‍ ബി കൃഷ്ണ 11, റഷീദ് സി രാഹുല്‍ ബി ഭുവനേശ്വര്‍ 0, വുഡ് നോട്ടൗട്ട് 2, എക്സ്ട്രാസ് 13, ആകെ 42.1 ഓവറില്‍ 251ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
ഭുവനേശ്വര്‍ 9-0-30-2, കൃഷ്ണ 8.1-1-54-4, ഠാക്കൂര്‍ 6-0-37-3, കൃണാല്‍ 10-0-59-1, കുല്‍ദീപ് 9-0-68-0