ചെന്നൈ: വിരാട് കോഹ്ലി, രോഹിത് ശർമ ലോക ക്രിക്കറ്റിലെ രണ്ടു വന്പന്മാർ… ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും… ഇവർ രണ്ടും നേർക്കുനേർ ഇറങ്ങുന്പോൾ തീപ്പൊരിചിതറിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇരുവരും മുഖാമുഖമിറങ്ങുന്ന ഐപിഎൽ ട്വന്റി-20 പോരാട്ടം ഇന്ന് ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറും.
രാത്രി 7.30നാണു മത്സരം ആരംഭിക്കുക. ഈ തീപ്പൊരിപോരാട്ടത്തോടെ 14-ാം സീസണ് ഐപിഎൽ പൂരത്തിനും തിരിതെളിയും. അതോടെ ഇന്നു മുതൽ ക്രിക്കറ്റ് ആരാധകർക്ക് ഉത്സവ രാവുകൾ… ഫൈനൽ അടക്കം 60 മത്സരങ്ങൾ അരങ്ങേറുന്ന ഐപിഎൽ 2021 സീസണിന്റെ കിരീട പോരാട്ടം മേയ് 30നാണ്.
കോഹ്ലി x രോഹിത്
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം കിരീടമുയർത്തിയ താരമാണു രോഹിത് ശർമ. ഡെക്കാണ് ചാർജേഴ്സിനും മുംബൈ ഇന്ത്യൻസിനും ഒപ്പമായി ആറ് തവണ രോഹിത് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. മുംബൈയുടെ അഞ്ച് കിരീടവും രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നതും ശ്രദ്ധേയം.
അതേസമയം, ഐപിഎൽ കിരീടം കൈപ്പിടിയിലൊതുക്കാൻ കോഹ്ലിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഐപിഎൽ ചരിത്രത്തിൽ 100+ മത്സരങ്ങളിൽ ക്യാപ്റ്റനായ നാലു കളിക്കാരിൽ ഇതുവരെ കിരീടം ഇല്ലാത്തതു കോഹ്ലിക്കു മാത്രമാണെന്നതും ശ്രദ്ധേയം.
അതേസമയം, ടീമിനായി ഏറ്റവും അധികം സംഭാവന ചെയ്തതിൽ രോഹിത്തിനേക്കാൾ മുന്നിലാണു കോഹ്ലി. മുംബൈയുടെ 15.84% റണ്‍സ് രോഹിത്തിന്റെ ബാറ്റിൽനിന്നാണെങ്കിൽ റോയൽ ചലഞ്ചേഴ്സിന്റെ 22.93% റണ്‍സും കോഹ്ലിയിലൂടെയാണ്.
ടീം ജയം നേടിയ മത്സരങ്ങളിൽ ആർസിബിക്കായി കോഹ്ലിയുടെ ബാറ്റിൽനിന്ന് 25.52% റണ്‍സ് പിറന്നപ്പോൾ എംഐക്കായി രോഹിത്തിന്റെ ഭാഗത്തുനിന്നുണ്ടായത് 18.15% മാത്രമാണ്. എന്നാൽ, പ്ലെയർ ഓഫ് ദ മാച്ച് നേട്ടത്തിൽ 12-11ന് രോഹിത്താണു മുന്നിൽ എത്തും ശ്രദ്ധേയം.
എംഐ x ആർസിബി
മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാം ഐപിഎൽ കിരീടം ദുബായിൽവച്ച് നേടിയിട്ട് അഞ്ചു മാസം മാത്രമാണു പൂർത്തിയായത്. കോവിഡ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ തവണ യുഎഇയിൽ ആയിരുന്ന ഐപിഎൽ ഇത്തവണ ജന്മദേശത്തു തിരിച്ചെത്തിയിരിക്കുകയാണ്.
മുംബൈയും ബംഗളൂരുവും ചിദംബരം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്പോൾ കളം വാഴുക സ്പിന്നർമാരാകാനാണു സാധ്യത. 2018 സീസണ് മുതൽ ഐപിഎൽ മത്സരങ്ങൾ നടന്ന ഇന്ത്യയിലെ 11 മൈതാനങ്ങളിൽവച്ച് സ്പിന്നേഴ്സിന്റെ മികച്ച ശരാശരിയും (19.52) ഇക്കോണമി റേറ്റും (6.16) ചിദംബരം സ്റ്റേഡിയത്തിലാണ്.
മുംബൈക്കൊപ്പമുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, ആഡം മിൽനെ എന്നിവർ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുള്ളതിനാൽ ഇന്നുണ്ടാകില്ലെന്നാണു സൂചന. എന്നാൽ, ഡി കോക്ക് പ്രത്യേക വിമാനത്തിലാണ് എത്തിയതെന്നും അതുകൊണ്ട് ചിലപ്പോൾ ഇന്നു കളിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
കോവിഡ് പോസിറ്റീവ് ആയ ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ രോഗം ഭേദമായി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇന്ന് ആർസിബിയുടെ ഓപ്പണിംഗ് റോളിൽ ദേവ്ദത്ത് ഉണ്ടാകുമെന്നാണു സൂചന.
ഗ്ലെൻ മാക്സ്വെൽ ആർസിബിക്ക് ഒപ്പം ഇറങ്ങുന്ന സീസണ് കൂടിയാണിത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്ന മാക്സ്വെൽ തികഞ്ഞ പരാജയമായിരുന്നു.