ദുബായ്: ക്രിക്കറ്റ് പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് ഉപയോഗിക്കുന്നത് വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എന്നാൽ വിയർപ്പ് ഉപയോക്കുന്നതിന് കമ്മിറ്റി വിലക്കിയില്ല. മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ അധ്യക്ഷനായ ഐസിസി കമ്മിറ്റിയാണ് ഉമിനീര് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ശിപാർശ ചെയ്തിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് വ്യാപന സാധ്യത ലഘൂകരിക്കുന്നതിനും കളിക്കാരുടെയും മാച്ച് ഓഫീസർമാരുടെയും സുരക്ഷ പരിരക്ഷിക്കുന്നതിനും ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ശിപാർശ ചെയ്തതായി പത്രക്കുറിപ്പിൽ പറഞ്ഞു.
ഒരു വ്യക്തിയിൽനിന്നും മറ്റൊരു വ്യക്തിയിലേക്ക് വിയർപ്പ് മൂലം പകരുന്നതിന് സാധ്യത കുറവാണ്. അതിനാൽ പന്തിന്റെ തിളക്കം വർധിപ്പിക്കാൻ വിയർപ്പ് ഉയോഗിക്കുന്നത് വിലക്കികൊണ്ട് കമ്മിറ്റി ശിപാർശ ചെയ്തിട്ടില്ല.
എല്ലാ അന്താരാഷ്ട്ര മത്സരങ്ങൾക്കും നിഷ്പക്ഷ മാച്ച് ഒഫീഷ്യൽസിനെ നിയമിക്കാനും സമിതി നിർദേശിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഓരോ ഇന്നിംഗ്സിനും ഒരു ടീമിന് അധിക ഡിആർഎസ് റിവ്യൂഏർപ്പെടുത്താനും കമ്മിറ്റി നിർദേശിച്ചു. ശിപാർശകൾ അംഗീകാരത്തിനായി ജൂൺ ആദ്യം ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കും.