ന്യൂഡല്‍ഹി: ബൗളിംഗ് അണ്ടര്‍ ആം ആണ്. ബാറ്റ്സ്മാന്മാര് സ്വീപ് ഷോട്ട് മാത്രമേ കളിക്കൂ. എന്നിരുന്നാലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പതിവു പോരാട്ടങ്ങളുടെ എല്ലാ ചൂടുമുണ്ടായിരുന്നു ഇന്നലെ ഫിറോസ്ഷാ കോട്ലയില് നടന്ന കാഴ്ചപരിമിതരുടെ ട്വന്റി-20 മത്സരത്തിന് .
പക്ഷേ, ഇത്തവണ പതിവിനു വിപരീതമായി ജയം പാക്കിസ്ഥാനായിരുന്നുവെന്നു മാത്രം. കാഴ്ചയില്ലാത്തവരുടെ ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഏഴുവിക്കറ്റിനാണ് പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തെങ്കിലും വെറും മൂന്നുവിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന് ലക്ഷ്യം മറികടന്നു.
തങ്ങളുടെ ഹൃദയം, ധരിച്ചിരിക്കുന്ന വസ്ത്രത്തിലണിഞ്ഞാണ് ഇരുടീമിലെയും കളിക്കാര്‍ കളത്തിലിറങ്ങിയത്. ക്യാച്ച് വിട്ടുകളഞ്ഞതിന് ഒരാള്‍ മറ്റൊരാളെ പഴിചാരുന്നതോ ബൗണ്ടറിലൈനില്‍ വച്ച് പന്ത് തടയുന്നതോ ഫിറോസ്ഷാ കോട്ലയില് കാണാനാവുമായിരുന്നില്ല. മണികിലുക്കമുള്ള ബോളില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് യഥേഷ്ടം സ്കോര്‍ ചെയ്തു. ഓരോബോൾ കഴിയുമ്പോഴും ലൗഡ്സ്പീക്കറിലൂടെ കാഴ്ചയില്ലാത്ത കമന്റേറ്റർരുടെ കമന്ററി കൂടിയായപ്പോള്‍ മത്സരം ആവേശക്കൊടുമുടിയിലേറി.
സാധാരണയായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ കോടിക്കണക്കിന് ആളുകളാണ് മത്സരം ടിവിയിലൂടെ കാണുന്നത്. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ കാണുന്ന മത്സരങ്ങളും ഇതാണ്. എന്നാല്‍ നയതന്ത്ര പ്രശ്നങ്ങള്‍ മൂലം ഇരു രാജ്യങ്ങളും കഴിഞ്ഞ നാലു വര്‍ഷമായി ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കുന്നില്ല.
ഇന്ത്യയില്‍ കളിക്കുമ്പോള്‍ പാക്കിസ്ഥാന് ടെന്‍ഷനാണെന്ന് പാക്കിസ്ഥാന് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്മാന് സുല്‍ത്താന്‍ ഷാ പറയുന്നു.ബ്ലൈന്‍ഡ് ക്രിക്കറ്റര്‍മാര്‍ ശാന്തിയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകത്തിനു നല്‍കുന്നതെന്നും ഷാ പറയുന്നു.ഇദ്ദേഹവും കാഴ്ചാവൈകല്യമുള്ള ആളാണ്.