ലണ്ടൻ: ആഷസ് പരന്പരയ്ക്കുശേഷം ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റ്യുവർട്ട് ബ്രോഡ്. ഓവലിൽ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിനുശേഷമാണു മുപ്പത്തിയേഴുകാരനായ ബ്രോഡ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റ്യുവർട്ട് ബ്രോഡ് 2006ൽ പാക്കിസ്ഥാനെതിരേയുള്ള ട്വന്റി20 പരന്പരയിലൂടെയാണു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
2007ലെ ട്വന്റി20 ലോകകപ്പിൽ യുവരാജ് സിംഗ് ഒരോവറിലെ ആറു പന്തിലും സിക്സറടിച്ചപ്പോൾ പന്തെറിഞ്ഞത് ബ്രോഡായിരുന്നു. 2014ൽ ട്വന്റി 20യും 2016ൽ ഏകദിനവും മതിയാക്കിയ ബ്രോഡ് ടെസ്റ്റ് മാത്രമാണു കളിച്ചിരുന്നത്.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 167 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 602 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 121 ഏകദിനങ്ങളിൽനിന്ന് 178 വിക്കറ്റുകളും 56 ട്വന്റി20 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റുകളുമാണ് താരത്തിന്റെ നേട്ടം.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ പേസ് ബൗളർ, അഞ്ചാമത്തെ ബൗളർ, ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ ബൗളർ, ഓസ്ട്രേലിയയ്ക്കെതിരേ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്നീ വിശേഷണങ്ങളും ബ്രോഡിനുണ്ട്.