ഹരാരെ: ക്രിക്കറ്റ് ചരിത്രത്താളിലെ അപൂർവതയിൽ സിംബാബ്വെ ടീമും. ഒരു പരന്പരയിലെ എല്ലാ മത്സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ അണിനിരത്തിയാണ് സിംബാബ്വെയും ചരിത്രത്താളിൽ ഇടംനേടിയത്. അയർലൻഡിന് എതിരായ മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റിൽ സിംബാബ്വെ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിച്ചു.
ആദ്യ ട്വന്റി-20യിൽ സിക്കന്ദർ റാസയും രണ്ടാം മത്സരത്തിൽ സീൻ വില്യംസുമായിരുന്നു ക്യാപ്റ്റന്മാർ. ഇന്നലെ നടന്ന മൂന്നാം അങ്കത്തിൽ റയാൻ ബറലാണ് സിംബാബ്വെയെ നയിച്ചത്.
ട്വന്റി-20 പരന്പരയിൽ ഓരോ മത്സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ ഉപയോഗിച്ച ആദ്യ ടീമാണ് സിംബാബ്വെ. ടെസ്റ്റിലും ഏകദിനത്തിലും മുന്പ് വ്യത്യസ്ത ക്യാപ്റ്റന്മാരുമായി മൂന്ന് ടീമുകൾ ഇറങ്ങിയിട്ടുണ്ട്. 1930ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിൽ വെസ്റ്റ് ഇൻഡീസ് നാല് ക്യാപ്റ്റന്മാരുമായി ഇറങ്ങി.
1902ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലും 2022ൽ ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലും ദക്ഷിണാഫ്രിക്ക മൂന്ന് ക്യാപ്റ്റന്മാരെ അണിനിരത്തിയിരുന്നു.
അതേസമയം, മൂന്നാം ട്വന്റി-20യിൽ എട്ട് പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റ് ജയം നേടി അയർലൻഡ് മൂന്നു മത്സര പരന്പര 2-1നു സ്വന്തമാക്കി. സ്കോർ: സിംബാബ്വെ 140/6 (20). അയർലൻഡ് 141/4 (18.4). ആദ്യ മത്സരം ആതിഥേയർ ഒരു വിക്കറ്റിനു ജയിച്ചപ്പോൾ രണ്ടാം പോരാട്ടത്തിൽ അയർലൻഡ് നാല് വിക്കറ്റ് ജയം നേടിയിരുന്നു.