സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ലോകകപ്പ് ജഴ്സിക്ക് ഒരു കഥയുണ്ട്. സ്കോട്ട്ലൻഡിന്റെ ലോകകപ്പ് ജഴ്സി ഡിസൈൻ ചെയ്തത് വെറും 12 വയസ് മാത്രമുള്ള റബേക്ക ഡൗണി.
കൂട്ടുകാർക്കൊപ്പം കളിചിരിയുമായി നടക്കുന്ന ഈ ചെറു പ്രായത്തിലാണു റബേക്ക ഇത്രയും വലിയൊരു കാര്യം ചെയ്തതെന്നതാണു ശ്രദ്ധേയം.
തങ്ങളുടെ ജഴ്സി ഡിസൈൻ ചെയ്തത് റബേക്ക ഡൗണിയാണെന്നതു ക്രിക്കറ്റ് ലോകത്തെ അറിയിച്ചതു സ്കോട്ട്ലൻഡാണ്. സ്കോട്ട്ലൻഡ് ജഴ്സി ധരിച്ച് ചിരിച്ചുനിൽക്കുന്ന റബേക്കയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ക്രിക്കറ്റ് സ്കോട്ട്ലൻഡ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
സ്കൂൾ കുട്ടികളിൽനിന്നു ജഴ്സി ഡിസൈൻ ക്രിക്കറ്റ് സ്കോട്ട്ലൻഡ് ആവശ്യപ്പെട്ടിരുന്നു. 200 വിദ്യാർഥികൾ അയച്ച ജഴ്സിയിൽനിന്നു ക്രിക്കറ്റ് സ്കോട്ട്ലൻഡ് തെരഞ്ഞെടുത്തത് റബേക്കയുടെ ഡിസൈൻ.
ദേശീയ ചിഹ്നമായ കള്ളിമുൾച്ചെടിയിൽനിന്നാണ് ജഴ്സിയിലെ നിറമായ പർപ്പിൾ റബേക്ക തെരഞ്ഞെടുത്തത്.