സിഡ്നി: 2018ലെ പന്ത് ചുരുണ്ടൽ വിവാദത്തിൽ ശിക്ഷ അനുഭവിച്ച ഡേവിഡ് വാർണർക്ക് സെൻഡ് ഓഫ് നൽകരുതെന്ന ഓസ്ട്രേലിയൻ മുൻ പേസർ മിച്ചൽ ജോണ്‍സണിന്റെ പരാമർശത്തിനെതിരേ ഓപ്പണിംഗ് ബാറ്റർ ഉസ്മാൻ ഖ്വാജ.
ഫോമിലില്ലാത്ത വാർണറെ പാക്കിസ്ഥാനെതിരേയുള്ള മൂന്ന് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സാൻഡ് പേപ്പർകൊണ്ട് പന്ത് ചുരുണ്ടിയതിൽ വാർണർക്കും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഒരുവർഷത്തെ വിലക്കു ലഭിച്ചു.
രണ്ട് കളിക്കാരും ഓസ്ട്രേലിയൻ ക്രിക്കറ്റിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ‘സാൻഡ്പേപ്പർഗേറ്റ്’ സംഭവത്തിന് അവരുടെ ഒരു വർഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്നും ഖ്വാജ പറഞ്ഞു.
വാർണറും സ്മിത്തും എന്റെ മനസിലെ ഹീറോകളാണ്. ഇരുണ്ട കാലത്തിലൂടെ അവർക്ക് ഒരു വർഷം ക്രിക്കറ്റ് നഷ്ടമായി. ആരും പൂർണരല്ലെന്നും ഖ്വാജ പറഞ്ഞു. 14നാണ് ഓസീസ് x പാക് ആദ്യ ടെസ്റ്റ്.
വാർണറും ഖ്വാജയുമാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഓപ്പണർമാർ. ഖ്വാജയെക്കൂടാതെ മുൻ നായകൻ ടിം പെയ്നും വാർണറെ പിന്തുണച്ച് രംഗത്തെത്തി. വാർണർ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണെന്ന് പെയ്ൻ പറഞ്ഞു.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ഏടായ വിവാദത്തിൽ പങ്കാളിയായ ഒരു താരത്തിന് ഹീറോ പരിവേഷത്തോടെ യാത്രയയപ്പ് നൽകേണ്ടതുണ്ടോയെന്നായിരുന്നു മിച്ചൽ ജോണ്സണ് തന്റെ കോളത്തിൽ ചോദിച്ചത്.
എന്നാൽ, പിന്നീട് തിരിച്ചെത്തിയ വാർണർ ഐസിസി 2021 ട്വന്റി-20 ലോകകപ്പ്, 2023 വേൾഡ് ടെസ്റ്റ് ചാന്പ്യൻഷിപ്പ്, 2023 ഏകദിന ലോകകപ്പ് ട്രോഫികൾ സ്വന്തമാക്കിയ ഓസീസ് ടീമിന്റെ ഭാഗമായി.
109 ടെസ്റ്റിൽനിന്ന് 25 സെഞ്ചുറിയുൾപ്പെടെ 8487 റണ്‍സും 161 ഏകദിനങ്ങളിൽ 22 സെഞ്ചുറിയുൾപ്പെടെ 6932 റണ്‍സും വാർണറിനുണ്ട്. 99 ട്വന്റി-20യിൽ ഒരു സെഞ്ചുറിയും 24 അർധസെഞ്ചുറിയും ഉൾപ്പെടെ 2894 റണ്‍സും ഓസീസ് ജഴ്സിയിൽ വാർണർ സ്വന്തമാക്കി.