ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ പോരാട്ടം നാളെ ഡൊമിനിക്കയിൽ തുടങ്ങാനിരിക്കേ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമായി.
മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനൊപ്പം നിൽക്കുന്ന ചിത്രമാണ് കോഹ് ലി പങ്കുവച്ചത്. 2011 റീയൂണിയർ എന്ന സൂചനയോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
2011ലാണ് ഇന്ത്യ ഡൊമിനിക്കയിൽ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്നവരാണു രാഹുൽ ദ്രാവിഡും വിരാട് കോഹ്ലിയും. വർഷങ്ങൾക്കിപ്പുറം ഇരുവരും രണ്ടു കർത്തവ്യങ്ങളുമായി ഇന്ത്യൻ ടീമിനൊപ്പം തുടരുന്നു.
കോഹ്ലി ടീമംഗമായി തുടരുന്പോൾ ദ്രാവിഡ് പരിശീലകവേഷത്തിലാണെന്നു മാത്രം. ഡൊമിനിക്കയിലെ 2011 ടെസ്റ്റിൽ കളിച്ച രണ്ടു പേർ വീണ്ടും അതേ മൈതാനത്ത് ഒന്നിക്കുമെന്ന് ചിന്തിച്ചില്ല എന്നും കോഹ്ലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അഞ്ചാം നന്പർ ബാറ്ററായാണ് 2011ൽ കോഹ്ലി ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ 30 റണ്‍സ് നേടി. 32 ഓവറിൽ 180 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
94/3 എന്ന സ്കോറിൽ ഇന്ത്യ സമനിലയോടെ മത്സരം അവസാനിപ്പിച്ചു. 5, 34* എന്നതായിരുന്നു മത്സരത്തിൽ ദ്രാവിഡിന്റെ സ്കോർ.
ഇന്ത്യ x വിൻഡീസ് 2023 പരന്പരയിലെ ആദ്യ ടെസ്റ്റ് നാളെ രാത്രി 7.30ന് ഡൊമിനിക്കയിലെ വിൻഡ്സർ പാർക്കിൽ അരങ്ങേറും.