നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ശരീരത്തിൽ പന്ത് കൊണ്ടതു ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു. നോയിഡയിലെ സൂരജ്പുരിലാണു സംഭവം. സൂരജ്പുരിൽ ആർഒ പ്ലാന്റ് നടത്തുന്ന മനീഷ് (32) ആണ് കൊല്ലപ്പെട്ടത്.
ഗ്രൗണ്ടിലൂടെ നടന്നുപോകുന്പോൾ കൗമാരക്കാർ അടിച്ചുവിട്ട ക്രിക്കറ്റ് പന്ത് മനീഷിന്റെ ശരീരത്തിൽ കൊണ്ടപ്പോൾ മനീഷ് ഇത് ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ രണ്ടുപേർ മനീഷിനെ ക്രൂരമായി മർദിച്ചു.
മർദനമേറ്റ് അവശനിലയിലായ മനീഷിനെ കൗമാരക്കാർ ഗ്രൗണ്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സഭവം.
ചൊവ്വാഴ്ച രാവിലെ മനീഷ് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിക്കുന്നതിനിടെ ഗ്രൗണ്ടിൽ രക്തത്തിൽ കുളിച്ചു മരിച്ചനിലയിൽ മനീഷിനെ കണ്ടെത്തുകയായിരുന്നു.