ദുബായ്: ഒളിന്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ. 2028 ലോസ് ആഞ്ചൽസ് ഒളിന്പിക്സിൽ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. ഇതിനായി ഒരു വർക്കിംഗ് ഗ്രൂപ്പിനെ നിയമിച്ചു.
ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തലവൻ ഇയാൻ വാട്മോറാണ് ഐസിസി ഒളിന്പിക് വർക്കിംഗ് കമ്മിറ്റി ഗ്രൂപ്പ് അധ്യക്ഷൻ. ലോകത്തെ സന്പന്നരായ ക്രിക്കറ്റ് സംഘടനയായ ഇന്ത്യയുടെ ബിസിസിഐയുടെ പിന്തുണകൂടി ലഭിച്ചതോടെയാണ് ഐസിസി ഒളിന്പിക്സിൽ ക്രിക്കറ്റിനായുള്ള ശ്രമങ്ങൾ ശക്തമാക്കിത്.
ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ (ഐഒസി) തലയിടൽ ഉണ്ടാകുമെന്നും തങ്ങളുടെ അധികാരത്തിൽ ഇടിവുണ്ടാകുമെന്നും ഭയന്ന ബിസിസിഐ, ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിൽ താത്പര്യം നേരത്തേ കാട്ടിയിരുന്നില്ല.
എന്നാൽ ഐസിസി ക്രിക്കറ്റ് ഒളിന്പിക്സിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വിജയിക്കുകയാണെങ്കിൽ ബിസിസിഐയുടെ പിന്തുണയുണ്ടാകുമെന്ന് സെക്രട്ടറി ജയ് ഷാ പറഞ്ഞു.ലോകത്ത് ക്രിക്കറ്റിനു നൂറു കോടിയിലേറെ ആരാധകരുണ്ട്.
പ്രത്യേകിച്ച് ദക്ഷിണേഷ്യയിലെ 92 ശതമാനം പേരും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാണ്. അമേരിക്കയിൽത്തന്നെ ഇതിനു മൂന്നുകോടിയിലേറെപ്പേർ ആരാധകരായുണ്ട്. അവർ ഒളിന്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു- ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലെ പത്രക്കുറിപ്പിൽ അറിയിച്ചു.
ഒളിന്പിക്സിൽ ഒരൊറ്റ തവണ ത്രമാണ് ക്രിക്കറ്റ് മത്സര ഇനമായത്. 1900ത്തിലെ പാരീസ് ഒളിന്പിക്സിലായിരുന്നു ഇത്. അന്ന് ബ്രിട്ടനും ഫ്രാൻസും മാത്രമാണു മത്സരിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് ബ്രിട്ടൻ ജേതാക്കളായി.
അതേസമയം, അടുത്ത വർഷം ബർമിങാമിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മത്സര ഇനമായി ഉണ്ടാകും. 1998ന് ശേഷം ആദ്യമായാണു ക്രിക്കറ്റ് കോമണ്‍വെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇത്തവണ വനിതാ ക്രിക്കറ്റാണ് ഉണ്ടാകുക.