ലോസ് ആഞ്ചലസ്: 2028ൽ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിന്പിക്സിന് ക്രിക്കറ്റും മത്സര ഇനം. അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി (ഐഒസി) ഇക്കാര്യം സ്ഥിരീകരിച്ചു.
പുരുഷന്മാരുടെയും സ്ത്രീകളുടെയും ട്വന്റി-20 ഫോർമാറ്റ് ക്രിക്കറ്റ് മത്സരങ്ങളാകും നടക്കുക. 128 വർഷത്തിനു ശേഷമാണ് ഒളിന്പിക്സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത്.
ക്രിക്കറ്റിനു പുറമേ മറ്റു നാല് പുതിയ കായിക ഇനങ്ങളും ഉൾപ്പെടുത്തുന്നതിന് ഐഒസി വോട്ട് ചെയ്ത് അംഗീകാരം നൽകി. ബേസ്ബോൾ സോഫ്റ്റ്ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സ്), സ്ക്വാഷ് എന്നിവയാണ് മറ്റ് കായികയിനങ്ങൾ.
ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ തീരുമാനത്തിൽ ആവേശഭരിതരാണെന്നും ഐഒസിയോട് നന്ദി പറയുന്നതായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ ചെയർമാൻ ഗ്രെഗ് ബാർക്ലേ പ്രതികരിച്ചു.
1900ത്തിനുശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിന്പിക്സിന്റെ ഭാഗമാകുന്നത്. അന്ന് ബ്രിട്ടനും ഫ്രാൻസും മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ബ്രിട്ടനായിരുന്നു ജേതാക്കൾ.