നിലവില്‍ ക്രിക്കറ്റ് ലോകത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഐസിസി ഏകദിന ലോകകപ്പിനിടെ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയതാണ്. ടൈംഡ് ഔട്ടിലൂടെ ഒരു ബാറ്റര്‍ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ പുറത്താകുന്നത് ആദ്യമാണെന്നതാണ് ചൂടേറിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്താന്‍ കാരണം.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ക്രീസിലെത്തി രണ്ട് മിനിറ്റിനുള്ളില്‍ പന്ത് നേരിടാന്‍ തയാറാകാതിരുന്നതാണ് മാത്യൂസിന്റെ ടൈംഡ് ഔട്ടിനു കാരണം. ക്രിക്കറ്റ് നിയമത്തില്‍ അനുശാസിക്കുന്ന ന്യായമായ വിധിയായിരുന്നു അത്. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് മുറുകുന്നില്ലായിരുന്നു എന്നതിനാല്‍ പുതിയ ഹെല്മറ്റിനായി കാത്തിരുന്നതാണ് മാത്യൂസിന്റെ പുറത്താകലിനു വഴിതെളിച്ചത്.
ക്രിക്കറ്റില്‍ എങ്ങനെയെല്ലാം ഒരു ബാറ്ററിനെ പുറത്താക്കാം. 10 വ്യത്യസ്ത രീതിയില്‍ ബാറ്ററിനെ പുറത്താക്കാനുള്ള നിയമം ക്രിക്കറ്റില്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
ഒന്നു മുതല്‍ ആറ് വരെ
ക്രിക്കറ്റില്‍ ബാറ്ററെ സാധാരണയായി പുറത്താക്കാറുള്ളത് ആറ് വ്യത്യസ്ത രീതിയിലാണ്. ബൗള്‍ഡ്, ലെഗ് ബിഫോര്‍ ദ വിക്കറ്റ് (എല്‍ബിഡബ്ല്യു), ക്യാച്ച്, റണ്ണൗട്ട്, സ്റ്റംപ്ഡ്, ഹിറ്റ് വിക്കറ്റ് എന്നിങ്ങനെ ആറ് തരത്തിലുള്ള പുറത്താകലുകള്‍ സര്‍വസാധാരണം.
7. ഫീല്‍ഡ് തടസപ്പെടുത്തല്‍
റണ്ണൗട്ട്, ക്യാച്ച് എന്നിങ്ങനെ ഔട്ടാക്കാനുള്ള സാധ്യതയ്ക്കിടെ ഫീല്‍ഡറെ മനഃപൂര്‍വം ബാറ്റര്‍ തടസം സൃഷ്ടിച്ചാല്‍ ഔട്ട് വിധിക്കാനുള്ള നിയമം ഉണ്ട്. 2006ല്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍ ഇന്‍സമാം ഉള് ഹഖ് ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ ത്രോ മനപ്പൂര്‍വം ബ്ലോക്ക് ചെയ്തു. ഫീല്‍ഡ് തടസപ്പെടുത്തല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സമാം അന്ന് ഔട്ടായി. വിക്കറ്റ് സംരക്ഷിക്കാനായി മനഃപ്പൂര്‍വം കൈ ഉപയോഗിച്ച് പന്ത് തടയുന്നതും 2017 മുതല്‍ ഫീല്‍ഡ് തടസപ്പെടുത്തല്‍ നിയമത്തിന്റെ പരിധിയിലാണ്.
8. ഡബിള്‍ ഹിറ്റ്
ബാറ്റര്‍ ഒരു പന്ത് മനഃപ്പൂര്‍വം രണ്ടു തവണ അടിച്ചാല്‍ അത് ഔട്ടായി പരിഗണിക്കപ്പെടും. പന്ത് ഫീല്‍ഡറുടെ അടുത്തേക്ക് എത്തുന്നതിനിടെ രണ്ട് തവണ അടിച്ചാലാണ് ഔട്ടാകുക. എന്നാല്‍, പന്ത് ബാറ്റില്‍ കൊണ്ടശേഷം വിക്കറ്റിലേക്ക് ഉരുണ്ട് നീങ്ങുകയാണെങ്കില്‍ ബാറ്റുകൊണ്ടോ ശരീരഭാഗങ്ങള്കൊണ്ടോ രണ്ടാമതും തട്ടാം. വിക്കറ്റ് സംരക്ഷിക്കുന്നതിന്റെ ഭാഗമായിമാത്രമായിരിക്കണം അതെന്നുമാത്രം.
9. ടൈംഡ് ഔട്ട്
ഒരു ടീമിന്റെ വിക്കറ്റ് വീണാല്‍, എംസിസി നിയമം അനുസരിച്ച് അടുത്ത ബാറ്റര്‍ രണ്ട് മിനിറ്റിനുള്ളിൽ ക്രീസിലെത്തി അടുത്ത പന്ത് നേരിടാന്‍ തയാറാകണം. ഈ സമയത്തിനുള്ളില്‍ ബാറ്റര്‍ റെഡി ആയിട്ടില്ലെങ്കില്‍ ടൈംഡ് ഔട്ടാകും.
10. മങ്കാദിംഗ്
ബൗളര്‍ പന്ത് എറിയുന്നതിനു മുമ്പ് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റര്‍ ക്രീസ് വിട്ടുപോകരുത് എന്നതാണ് ക്രിക്കറ്റ് നിയമം. അങ്ങനെ ക്രീസ് വിടുന്ന ബാറ്ററെ, ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് ബൗളര്‍ക്ക് ഔട്ടാക്കാം. 1947ല്‍ ഇത്തരത്തില്‍ ഓസ്ട്രേലിയയുടെ ബില്‍ ബ്രൗണിനെ ഇന്ത്യയുടെ വിനു മങ്കാദ് ഔട്ടാക്കി. അതിനുശേഷം മങ്കാദിംഗ് എന്നാണ് ഇത്തരത്തിലുള്ള പുറത്താകല്‍ അറിയപ്പെടുന്നത്.