മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം നടന്ന പൂനയിലെ പിച്ചിനെതിരേ ഐസിസി രംഗത്ത്. പിച്ച് നിലവാരം കുറഞ്ഞതായിരുന്നെന്ന് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് റിപ്പോർട്ട് നൽകി. ഇതു സംബന്ധിച്ചു മറുപടി നൽകാൻ ആവശ്യപ്പെട്ട് ഐസിസി ബിസിസിഐക്കു കത്തുനൽകി.
14 ദിവസത്തെ കാലാവധിയാണ് മറുപടി നൽകാൻ ബിസിസിഐക്ക് അനുവദിച്ചിരിക്കുന്നത്. ബിസിസിഐ നൽകുന്ന വിശദീകരണം വിലയിരുത്തിയ ശേഷമായിരിക്കും ഐസിസിയുടെ അടുത്ത നടപടികൾ.പരന്പരയിലെ ആദ്യ ടെസ്റ്റിനായി ഒരുക്കിയ വേദിക്കെതിരേ മത്സരത്തിനു മുന്‍പുതന്നെ ഓസീസ് നായകൻ സ്റ്റീവ് സ്മിത് രംഗത്തെത്തിയിരുന്നു. ടെസ്റ്റിൽ ഇന്ത്യ ഓസീസിനോട് 333 റണ്‍സിന് തോറ്റു.
രണ്ടു ദിവസവും രണ്ടു സെഷനും ബാക്കിനിൽക്കെയായിരുന്നു ഓസീസ് ജയം. ആദ്യ ഇന്നിംഗ്സിൽ 105ൽ ഓൾഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ടു റണ്‍സ് കൂട്ടിച്ചേർത്ത് 107ൽ എല്ലാവരും പുറത്തായി തോൽവി ഏറ്റുവാങ്ങി. ഇതിനുപിന്നാലെ, പിച്ചിനെതിരേ വിമർശനമുയർത്തി പ്രമുഖ താരങ്ങളും മുൻ കളിക്കാരും രംഗത്തെത്തി.
പൂനയിൽ ജയിച്ച ഓസീസ് പരന്പരയിൽ 1-0ന് മുന്നിലാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് നാലിനാണ് രണ്ടാം ടെസ്റ്റ്.