ഋഷി
തെങ്ങിൻ മടലായിരുന്നു ബാറ്റ്; ടെന്നിസ് ബോൾ പന്തും….മൂന്നുവിക്കറ്റുകൾ കാറ്റിൽ ചാഞ്ചാടി വീണുപോകാതിരിക്കാൻ എത്ര പാടുപെട്ടിരിക്കുന്നു. വിക്കറ്റെടുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു വിക്കറ്റ് നിലനിർത്താൻ….വീണ്ടുമൊരു ലോകകപ്പ് ക്രിക്കറ്റ് ഏതാനും ഓവറുകൾക്കപ്പുറമെത്തി നിൽക്കുന്പോൾ നാട്ടിൻപുറത്തെ ആ പഴയ ക്രിക്കറ്റ് മൈതാനത്തേക്ക് മനസോടുകയാണ്….
1983 എന്ന സിനിമയിൽ നിവിൻപോളിയും കൂട്ടുകാരും ആസ്വദിച്ച അതേ ക്രിക്കറ്റ് കാലം!!
മധ്യവേനലവധിക്കാലത്ത് ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളും പറന്പുകളും നാട്ടിൻപുറത്തെ ലോർഡ്സ് സ്റ്റേഡിയങ്ങളാകും. ചെത്തിമിനുക്കിയെടുത്ത മടൽ ബാറ്റിന് ഇന്നത്തെ എസ്ജിആർഎസ്ഡി സ്പാർക്ക് കാശ്മീർ വില്ലോ ക്രിക്കറ്റ് ബാറ്റിന്റെ ഗമയും ഗാംഭീര്യവുമായിരുന്നു.
നിറം മങ്ങി ചെളി പിടിച്ച ആ ടെന്നീസ് ബോളിന് ഇന്നത്തെ ആക്രോണ് ക്രിക്കറ്റ് ബുള്ളറ്റ് ലെതർ ബോളിനേക്കാൾ മതിപ്പായിരുന്നു. നിരപ്പല്ലെങ്കിലും പിച്ച് കിടിലൻ പിച്ചായിരുന്നു. ബാറ്റിന്റെ തണ്ടു വെച്ചളന്ന് ക്രീസ് വരയ്ക്കുന്ന ആ സ്റ്റൈലൊന്ന് കാണേണ്ടത് തന്നെയാണ്.
പഴയ ഏതെങ്കിലും തൊപ്പി എടുത്തുവച്ചിരിക്കും. കളിക്കുന്പോൾ ഗമയിൽ എടുത്തണിയാൻ. റണ്ണർ ബാറ്റ്സമാൻ പലപ്പോഴും ഉണ്ടാകില്ല. സിംഗിൾ മെൻ ബാറ്റിംഗാണ് കൂടുതലും. അതും പരമാവധി രണ്ടോവർ. ഒൗട്ടായില്ലെങ്കിൽ അടുത്ത ബാറ്റ്സ്മാന് അവസരം കൊടുക്കണം.
എൽബിഡബ്ല്യുവാണ് എപ്പോഴും അലന്പാക്കുക. ക്യാച്ച് പിടിക്കടാ എന്നെത്ര വട്ടം വിളിച്ചു പറഞ്ഞിരിക്കുന്നു.അപ്പുറത്തെ കുറ്റിക്കാട്ടിലും പറന്പിലും സിക്സർ പറത്തി പന്തു കളഞ്ഞ ആ പഴയ സച്ചിനേയും ധോണിയേയും എത്ര ചീത്ത പറഞ്ഞിട്ടുണ്ട്…ഓർമയുണ്ടോ…
അന്ന് ഹീറോകൾ സച്ചിനല്ല… കപിൽദേവും മൊഹീന്ദർ അമർനാഥും വിവിയൻ റിച്ചാർഡ്സും ഡേവിഡ് ബൂണും ഇമ്രാൻഖാനുമൊക്കെയാണ്…ഇഷ്ടിക കഷ്ണങ്ങൾക്കിടയിൽ വിക്കറ്റുകൾ എന്ന മൂന്ന് വടിക്കന്പുകൾ കുത്തിനിർത്തിയായിരുന്നു പല മത്സരങ്ങളും. ഇഷ്ടികയിൽ കൊണ്ട് വിക്കറ്റ് ഇളകിയാലും അത് ഒൗട്ടായിരുന്നു. തേർഡ് അന്പയർ പോയിട്ട് ഒരു അന്പയർ പോലും ഇല്ലാതെ എത്ര ഇന്റർനാഷണൽ മത്സരങ്ങൾ ഞങ്ങൾ ആ കൊച്ചു നാട്ടിൻപുറത്ത് നടത്തിയിരിക്കുന്നു.
പന്ത് പൊട്ടുന്നതാണ് പലപ്പോഴും കളി തടസപ്പെടുത്താറുള്ളത്. പുതിയ പന്തിന് പിരിവിട്ട് പോയി വാങ്ങിവരുന്നതും ഒരു ആഘോഷമായിരുന്നു. മഴ ഒരിക്കലും കളി തടസപ്പെടുത്തിയിരുന്നില്ല. ഡക്ക് വർത്ത് ലൂയിസ് നിയമം ഞങ്ങൾക്ക് ആവശ്യമില്ലായിരുന്നു. എന്നാൽ മുഴുവൻ നനഞ്ഞു കുളിച്ച് വീട്ടിലെത്തുന്പോൾ അവിടെ ഡക്ക് വർത്ത് ലൂയിസ് നിയമത്തേക്കാൾ കർശനമായ ചില നിയമങ്ങൾ കാത്തിരിപ്പുണ്ടാകും.
1983യിൽ മുംബൈയിൽ നിന്ന് വന്ന സച്ചിനെ പോലെ ചില പരിഷ്കാരികൾ അവധിക്കാലത്ത് ബന്ധുവീടുകളിലേക്കെന്നും പറഞ്ഞ് വിലകൂടിയ ഒറിജിനൽ ബാറ്റുമായി ഇടയ്ക്ക് നാട്ടിൻപുറത്ത് ലാൻഡ് ചെയ്യാറുണ്ട്. ആ ബാറ്റും കൊണ്ട് കളിക്കാനും വരും. അതും കൊണ്ടുവരുന്ന അവന്റെ ജാഡയൊന്ന് കാണേണ്ടതാണ്. ആ ബാറ്റുകൊണ്ടൊന്ന് കളിക്കാൻ കൊതിയാകും. ഒൗദാര്യം പോലെ അവൻ അത് കളിക്കാൻ തരും. ഓ…അതും പിടിച്ച് ക്രീസിൽ നിൽക്കുന്ന ആ ഒരിതുണ്ടല്ലോ…അത് ഒരിത് തന്നെയായിരുന്നു…
പതിവ് ടെന്നിസ് ബോളിനു പകരം ഒരിക്കൽ കോർക്ക് പന്ത് കിട്ടിയപ്പോൾ ആവേശമായിരുന്നു. ഷൊയിബ് അക്തറിനെ പോലെ വെടിയുണ്ട കണക്കെ കോർക്ക് ബോൾ കൈപടത്തിന് മുകളിൽ വന്ന് കൊണ്ടപ്പോൾ പ്രാണൻ പോയി…. നമ്മടെ ടെന്നീസ് ബോളന്ന്യാ നല്ലതെന്ന് അറിയാതെ പറഞ്ഞുപോയി. എങ്ങിനെയാ കളിക്കാര് കളിക്കണതെന്നും ചോദിച്ചുപോയി…
വീട്ടിന്റെ മുറ്റത്ത് കളിക്കുന്പോൾ പന്തിനെന്നും ഗുരുത്വാകർഷണം ജനൽചില്ലുകളിലേക്കായിരുന്നു. എത്രയോ ചീത്ത കേട്ടിരിക്കുന്ന ജനൽ ചില്ല് പൊട്ടിച്ചതിന്.. ടിവിയില്ലാ കാലത്ത് അടുത്ത വീട്ടിലെ പണക്കാരന്റെ വീട്ടിൽ പോയി ടിവിയിൽ ക്രിക്കറ്റ് കണ്ടത് ഓർമയില്ലേ.. പിള്ളേരൊക്കെ കൂടി ടിവി കാണാൻ കയറി വരുന്നത് ഇഷ്ടമില്ലാത്തവരും ഉണ്ടായിരുന്നു. പിന്നെ ടിവി വന്നപ്പോൾ എവിടെയും പോകാതായി..
കളിപ്രായം വിട്ടപ്പോൾ ക്രിക്കറ്റ് കാണാൻ മാത്രം തുടങ്ങി…ആരാധനാ കഥാപാത്രങ്ങൾ മാറി മാറി വന്നു… ഓവറുകൾ കുറഞ്ഞു…പുതിയ ക്രിക്കറ്റ്പൂരങ്ങൾ തുടങ്ങി…ക്രിക്കറ്റ് ആകെ മാറി… പണ്ടും ബെറ്റിംഗ് ഉണ്ടായിരുന്നു.പക്ഷേ ഒത്തുകളികൾ നാട്ടിൻപുറങ്ങളിലെ മാച്ചുകളിലുണ്ടായിരുന്നില്ല.
പൊറോട്ടയ്ക്കും ബീഫിനും വേണ്ടി, ഒരു സിനിമയ്ക്ക് വേണ്ടിയൊക്കെയായിരുന്നു അന്നത്തെ ബെറ്റുകൾ…. മാച്ച് ഫിക്സിംഗ് എന്ന് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.
1983 എന്ന സിനിമ വന്നപ്പോൾ ആ പഴയകാലം ഒരിക്കൽ കൂടി മനസിലെ ക്രീസിലെത്തി.
ഇപ്പോൾ വീണ്ടും ഒരു ലോകകപ്പ് വന്നണയുന്പോൾ എങ്ങിനെ ഓർക്കാതിരിക്കും കളിച്ചുകൂട്ടിയ ആ ഇന്റർനാഷണൽ നാടൻ മാച്ചുകൾ…എങ്ങിനെ ചിരിക്കാതിരിക്കും അലറിയാർത്ത ആ അപ്പീലുകൾ ഓർക്കുന്പോൾ….