ഡുനെഡിൻ: ഓപ്പണർ ഫിൻ അലീന്റെ മിന്നുന്ന സെഞ്ചുറി കരുത്തിൽ പാക്കിസ്ഥാനെതിരായ മൂന്നാം ട്വന്റി-20 യിലും ന്യൂസിലൻഡിന് മിന്നുന്ന ജയം. 45 റൺസ് ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര കിവീസ് സ്വന്തമാക്കി കഴിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ ഫിൻ അലീന്റെ അതിവേഗ സെഞ്ചുറിയാണ് കിവീസ് ഇന്നിംഗ്സിന് കരുത്തായത്. 62 പന്തിൽ അഞ്ച് ഫോറും 16 സിക്സറുമായി നിറഞ്ഞാടിയ യുവതാരം 137 റൺസ് അടിച്ചുകൂട്ടി. ഫിൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.
കുട്ടിക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സർ എന്ന റിക്കാർഡിന് ഒപ്പമെത്താൻ കിവീസ് ഓപ്പണിംഗ് ബാറ്റർക്ക് കഴിഞ്ഞു. അഫ്ഗാനിസ്ഥാൻ താരം ഹസ്റത്തുല്ല സസായിയാണ് മുൻപ് 16 സിക്സറുകൾ അടിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര ട്വന്റി- 20 ക്രിക്കറ്റിൽ ന്യൂസിലൻഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് അലീൻ സ്വന്തം പേരിൽ കുറിച്ചു 123 റൺസ് നേടിയ ബ്രണ്ടൻ മക്കല്ലത്തിനെയാണ് അലൻ മറികടന്നത്.
അലീന് പിന്തുണ നൽകുക എന്ന ചുമതല മാത്രമേ മറ്റ് കിവീസ് ബാറ്റ്സ്മാൻമാർക്ക് ഉണ്ടായിരുന്നുള്ളൂ. ടിം സീഫർട്ട് (31), ഗ്ലെൻ ഫിലിപ്സ് (19) എന്നിവരാണ് കിവീസ് നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് രണ്ടും ഷഹീൻഷാ അഫ്രീദി, സമൻ ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക് നിരയിൽ അർധ സെഞ്ചുറി നേടിയ ബാബർ അസമിനു (58) മാത്രമേ പൊരുതാൻ കഴിഞ്ഞുള്ളൂ. സെയിം അയൂബ് (10), മുഹമ്മദ് റിസ്വാൻ (24), ഫഖർ സമാൻ (19), അസം ഖാൻ (10), ഇഫ്തിഖർ അഹമ്മദ് (ഒന്ന്), മുഹമ്മദ് നവാസ് (28) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. 16 റൺസുമായി ഷഹീൻഷാ അഫ്രീദി പുറത്താകാതെ നിന്നു. കിവീസിനായി ടിം സൗത്തി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.