സാൻ ഫെർണാണ്ടോ (ട്രിനിഡാഡ്): കരീബിയൻ മണ്ണിൽ ഇന്നു മുതൽ ഏറും അടിയും നൽകുന്ന ജയത്തിന്റെ ദിനങ്ങൾ.
ഇന്ത്യ x വെസ്റ്റ് ഇൻഡീസ് അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്നു തുടക്കം. സാൻ ഫെർണാണ്ടോയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.00നാണ് ഒന്നാം ട്വന്റി-20 പോരാട്ടം.
ക്രെയ്ഗ് ബ്രാത്വൈറ്റ് (ടെസ്റ്റ്), ഷായ് ഹോപ്പ് (ഏകദിനം) എന്നീ ക്യാപ്റ്റന്മാർക്കു സാധിക്കാത്ത പരന്പര ജയം റോവ്മാൻ പവലിലൂടെ വിൻഡീസിനു നേടാൻ കഴിയുമോ എന്നതാണു സുപ്രധാന ചോദ്യം.
ടെസ്റ്റ് (1-0), ഏകദിന (2-1) പരന്പരകൾ നേടിയശേഷമാണ് ഇന്ത്യ ഇന്നു മുതൽ ട്വന്റി-20 പരന്പര തേടിയിറങ്ങുന്നത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മൂന്നാം ഏകദിനത്തിൽ 200 റണ്സിന്റെ കൂറ്റൻ ജയം നേടിയശേഷം 48 മണിക്കൂറിനുള്ളിലാണ് ഇരു ടീമും ട്വന്റി-20 പോരാട്ടത്തിന് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.
ക്യാപ്റ്റൻ പാണ്ഡ്യ…
സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും 2022 ഐസിസി ട്വന്റി-20 ലോകകപ്പിനുശേഷം ഇന്ത്യക്കുവേണ്ടി ട്വന്റി-20 കളിച്ചിട്ടില്ല എന്നതിനു വെസ്റ്റ് ഇൻഡീസിലും മാറ്റമില്ല.
2022 ലോകകപ്പിനുശേഷം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങുന്ന നാലാമത് ട്വന്റി-20 പരന്പരയാണ് ഇന്നു മുതൽ അരങ്ങേറുന്നത്.
മുന്പു നടന്ന മൂന്ന് ട്വന്റി-20 പരന്പരയും ഇന്ത്യ ജയിച്ചിരുന്നു. 11 ട്വന്റി-20യിലാണ് ഹാർദിക് ഇന്ത്യയെ നയിച്ചത്. അതിൽ എട്ടെണ്ണത്തിലും ജയിച്ചു, രണ്ടെണ്ണം തോറ്റപ്പോൾ ഒരെണ്ണം ഫലമില്ലാതെ അവസാനിച്ചു.
ഇഷാൻ, യശസ്വി, സാംസണ്
വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഏറ്റവും ഫോമിലുള്ള ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷാനാണ്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറി (52*) നേടിയത് ഉൾപ്പെടെ നോക്കിയാൽ വിൻഡീസിനെതിരേ ഇഷാൻ കിഷൻ തുടർച്ചയായി നാല് 50+ സ്കോർ നേടി.
ഏകദിന പരന്പരയിലെ മൂന്ന് മത്സരത്തിലും അർധസെഞ്ചുറി (52, 55, 77) നേടിയ ഇഷാൻ കിഷൻ ട്വന്റി-20യിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചേക്കുമെന്നാണു പ്രതീക്ഷ.
ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ ട്വന്റി-20 ടീമിലുണ്ട്. ടെസ്റ്റിൽ മങ്ങിപ്പോയ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ ഫോം കണ്ടെത്തി.
സഞ്ജു സാംസണും മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചിരുന്നു. ഏകദിനത്തിൽ അവസരം ലഭിക്കാത്ത യുസ്വേന്ദ്ര ചാഹൽ ട്വന്റി-20യിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യൻ ടീം: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.