ജൊഹാനസ്ബര്‍ഗ്: വർണ വിവേചനത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. അവരുടെ ക്രിക്കറ്റ് ടീമിലെ വര്‍ണവിവേചനത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മഖായ എന്‍ടിനിയെപോലെയുള്ളവര്‍ ഇക്കാര്യത്തെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര “ഫ്രീഡം ട്രോഫി’(മഹാത്മാ ഗാന്ധി-നെൽസൺ മണ്ഡേല എന്നിവരുടെ പേരിലാണ് പരന്പര അറിയപ്പെടുന്നത്.) 2-1ന് സ്വന്തമാക്കിയശേഷമെടുത്ത ടീം ഫോട്ടോയാണ് ദക്ഷിണാഫ്രിക്കയെ വീണ്ടും നാണം കെടുത്തുന്നത്.
ടീമില്‍ ഇപ്പോഴും വര്‍ണവിവേചനം നിലനിൽക്കുന്നുണ്ടെന്നാണ് ചിത്രം നല്കുന്ന സൂചന. നില്ക്കുന്നവരിൽ നായകന് ഫഫ് ഡുപ്ലെസിയുടെ ഇടതുവശത്ത് ഇംഗ്ലീഷ് വംശജരായ ഡീൻ എല്‍ഗര്‍, മോർണി മോര്‍ക്കല്‍, എബി ഡിവില്യേഴ്സ്, ഡെയ്ല്‍ സ്റ്റെയ്ന്, എയ്ഡന്‍ മാര്‍ക്രം, ഡിവന്നെ ഒളിവര്‍, ക്രിസ് മോറിസ്, ക്വിന്റന്‍ ഡികോക്ക് എന്നിവര്‍ അണിനിരന്നപ്പോള്‍ ടീമിലെ ആഫ്രോ-ഏഷ്യന്‍ വംശജരായ ഹഷിം അംല, ആന്‍ഡിൽ ഫെലുക് വായോ, ലുംഗി എൻഗിഡി, കാഗിസോ റബാഡ, വെര്‍നോന്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ വലതുവശത്തുമാണ് നിന്നത്. ഇതാണ് വർണവിവേചന ആരോപണത്തിനു കാരണമായത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം ചൂടേറിയ ചർച്ചയ്ക്കാണു തുടക്കമിട്ടിരിക്കുന്നത്.
1948 മുതല്‍ 1991 വരെ വർണവിവേചനം നിലനിന്നിരുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. കറുത്തവര്‍ഗക്കാര്‍ നേരിട്ട അവഗണനയ്ക്കെതിരേ പോരാടിയ മുൻ പ്രസിഡന്റ് നെല്സന് മണ്ടേല വർണവിവേചനം ഇല്ലാതാക്കുന്നതിൽ ഒരുപരിധിവരെ വിജയിച്ചിരുന്നു. എന്നാല്‍, വര്‍ണവിവേചനത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ദക്ഷിണാഫ്രിക്കയില്‍ നിലനില്‍ക്കുന്നുണ്ട്.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ കറുത്തവംശജനായ കാഗിസോ റബാഡയുടെ നെറ്റിയില്‍ നിർ ണായക വിക്കറ്റെടുക്കുന്ന വേ ളകളിൽ നായകൻ ഹാഫ് ഡുപ്ലെസി ചുംബിക്കുന്ന ചിത്രം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ടീമില്‍ വര്‍ണവിവേചനമില്ലെന്ന പ്രചരണത്തിന് ഈ ചിത്രം ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ അതിനു നേർ വിപരീതമായ ചർച്ചകൾക്ക് തുടക്കമിട്ടാണ് പുതിയ ഗ്രൂപ്പ് ഫോട്ടോ പുറത്തുവന്നിരിക്കുന്നത്. വിവാദത്തെ കുറിച്ച് ദക്ഷിണാഫ്രിക്കൻ ടീം മാനേജ്മെന്റ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.