സാമൂഹിക പ്രതിബദ്ധയില്ലാത്തവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍ എന്ന പരാതി ഉയര്‍ത്തുന്നവരാണേറെയും. സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നും അവര്‍ ഇടപെടുന്നില്ല എന്നും പരാതിയുണ്ട്. എന്നാല്‍ സമൂഹത്തിന്റെ ആ കണ്ടെത്തല്‍ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍.
എണ്ണകമ്പനികളുടെ അതിക്രമത്തിനെതിരെയാണ് വ്യത്യസ്ത പ്രതിഷേധവുമായി യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. കാസര്‍ഗോഡ് മൂടാകുളം ഡിവൈഎഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വ്യത്യസ്ത പ്രതിഷേധം നടത്തുന്നത്. അതിന്റെ ബ്രോഷറും പരസ്യവുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡയയിലുടനീളം വൈറലായിരിക്കുന്നത്.
മൂടാകുളം ആലിന്റടി ഗ്രൗണ്ടില്‍ 29ാം തിയ്യതി രാവിലെ 9.30 മുതല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുകയാണിവര്‍. നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഒന്നര ലിറ്റര്‍ പെട്രോളാണ് ഒന്നാം സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പെട്രോള്‍ വില ഇനിയും ഭീകരമായി കൂടിയാല്‍ ഒന്നാം സമ്മാനത്തിന്റെ അളവില്‍ മാറ്റം വരുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫീസായി 150 രൂപയാണ് ഓരോ ടീമും നല്‍കേണ്ടത്.
ഇന്ധനവില വീണ്ടും കൂട്ടി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. സെപ്റ്റബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ 15 വര്‍ഷമായി നില നിന്നിരുന്ന രീതിമാറ്റി ദൈനംദിനം വില പുതുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. സംഘാടകര്‍ പറയുന്നു.