ഇന്നലെ കായിക പോരാട്ടത്തിൽ കേരളത്തിന്റെ ദിനമായിരുന്നു. അപ്രതീക്ഷിതമെന്ന് പറയാവുന്ന രണ്ട് ഉജ്വല നേട്ടങ്ങൾ കേരളം കൈക്കലാക്കിയ ദിനം. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അവസാന ദിവസത്തെ തകർപ്പൻ ബാറ്റിംഗിലൂടെ ഹിമാചൽപ്രദേശിനെതിരേ കേരളം ജയം പിടിച്ചുവാങ്ങി. അതോടെ തുടർച്ചയായ രണ്ടാം തവണയും കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ ഇടംപിടിച്ചു.
കേരള ക്രിക്കറ്റ് ടീമിന്റെ ജയത്തിനു മണിക്കൂറുകൾക്കുശേഷം ചെന്നൈയിൽ വനിതാ വോളി ടീമിന്റെ പകരംവീട്ടൽ അരങ്ങേറി. ദേശീയ സീനിയർ വോളിബോളിൽ കഴിഞ്ഞ 10 വർഷമായി റെയിൽവേസിനോട് ഫൈനലിൽ പരാജയപ്പെട്ട കേരള വനിതകൾ ഉജ്വല പോരാട്ടത്തിലൂടെ ഇന്നലെ കിരീടം സ്വന്തമാക്കി. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു വനിതകളുടെ കിരീട ധാരണം.
ഇടിവെട്ട് സ്മാഷ്…
ചെന്നൈ: തകർപ്പൻ സ്മാഷും പ്ലേസിംഗും ബ്ലോക്കുമായി കേരള വനിതകൾ കോർട്ടിൽ മിന്നൽപ്പിണർ സൃഷ്ടിച്ചപ്പോൾ റെയിൽവേക്ക് പാളം തെറ്റി. 67-ാമത് ദേശീയ സീനിയർ വോളിബോൾ വനിതാ വിഭാഗം കിരീടം കേരളം സ്വന്തമാക്കി. നിലവിലെ ജേതാക്കളായ റെയിൽവേസിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് തറപറ്റിച്ചാണ് കേരള വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. അതോടെ കഴിഞ്ഞ പത്ത് വർഷം തുടർച്ചയായി റെയിൽവേസിനോട് ഫൈനലിൽ പരാജയപ്പെട്ടതിന്റെ കണക്ക് കേരളം തീർത്തു.
കേരളത്തിന്റെ പതിനൊന്നാം കിരീടമാണിത്. 2007നുശേഷം ആദ്യത്തെ കിരീടം.
20-25, 25-17, 17-25, 25-19, 15-8നായിരുന്നു കേരള വനിതകൾ വെന്നിക്കൊടി പാറിച്ചത്. ആദ്യ സെറ്റ് കൈവിട്ടെങ്കിലും കേരളത്തിന്റെ പോരാട്ടവീര്യം തകർക്കാൻ റെയിൽവേസിനു സാധിച്ചില്ല. 14-15, 17-19 എന്നിങ്ങനെ ഒപ്പം പിടിച്ചെങ്കിലും 20-25ന് ആദ്യ സെറ്റ് കേരളം വിട്ടുനല്‍കി. എന്നാൽ, രണ്ടാം സെറ്റിൽ കഥയും കളിയും മാറി.
8-7ന് മുന്നിൽനിന്നശേഷം 12-14നു പിന്നിൽപോയെങ്കിലും 18-17ന് കേരളം മുന്നിൽ കടന്നു. ഒടുവിൽ 25-17ന് സെറ്റ് കരസ്ഥമാക്കി. മൂന്നാം സെറ്റിൽ റെയിൽവേസ് തിരിച്ചടിച്ചു. എന്നാൽ, നിർണായകമായ നാലാം സെറ്റിൽ 9-5, 16-12 എന്നിങ്ങനെ മുന്നേറിയ കേരളം 25-19ന് ജയിച്ചു.
അതോടെ മത്സരം ഫല നിർണയം അഞ്ചാം സെറ്റിലേക്ക് എത്തി. 0-1ന്റെ ലീഡുമായി റെയിൽവേസ് തുടങ്ങിയെങ്കിലും 7-7ൽ കേരളം ഒപ്പം പിടിച്ചു. തുടർന്ന് 12-8ലേക്കു മുന്നേറിയ കേരള വനിതകൾ 15-8ന് സെറ്റും കിരീടവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനം സ്വന്തമാക്കി. സെമിയിൽ ആതിഥേയരായ തമിഴ്നാടിനോടായിരുന്നു നിലവിലെ ചാന്പ്യന്മാരായ കേരള പുരുഷന്മാർ പരാജയപ്പെട്ടത്. ഇന്നലെ നടന്ന മൂന്നാം സ്ഥാന പോരാട്ടത്തിൽ കേരളം ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പഞ്ചാബിനെ കീഴടക്കി.
സദാനന്ദന്റെ പരിശീലനത്തിലിറങ്ങിയ കേരള വനിതകൾ ബംഗാളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ഫൈനൽ പ്രവേശിച്ചത്. മഹാരാഷ്ട്രയെ കീഴടക്കിയായിരുന്നു റെയിൽവേസ് ഫൈനലിൽ പ്രവേശിച്ചത്.
മിന്നൽ ബാറ്റിംഗ്…
നദൗൻ (ഹിമാചൽപ്രദേശ്): 297 റണ്‍സ് വിജയലക്ഷ്യം കേരളത്തിനു മുന്നോട്ടുവച്ച് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്പോൾ ഹിമാചൽപ്രദേശ് ഒരു സമനിലയോ ജയമോ ആയിരുന്നു മുന്നിൽക്കണ്ടത്. എന്നാൽ, അദ്ഭുത ബാറ്റിംഗുമായി വിനൂപ് മനോഹരനും (143 പന്തിൽ 96 റണ്‍സ്) ക്യാപ്റ്റൻ സച്ചിൻ ബേബിയും (134 പന്തിൽ 92 റണ്‍സ്) സഞ്ജു വി. സാംസണും (53 പന്തിൽ 61 നോട്ടൗട്ട്) കളംവാണപ്പോൾ അപ്രാപ്യമെന്നു തോന്നിപ്പിച്ച ലക്ഷ്യം കേരളം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം മറികടന്നു.
നീ ചിന്തിച്ചു നിർത്തുന്നിടത്ത് ഞാൻ ചിന്തിച്ചു തുടങ്ങുമെന്ന് ഒരു സിനിമയിലെ കഥാപാത്രം പറയുന്നതുപോലെയായി കാര്യങ്ങൾ. ഹിമാചൽപ്രദേശ് ചിന്തിച്ചു നിർത്തിയിടത്ത് കേരളം ചിന്തിച്ചു തുടങ്ങി, പ്രവർത്തിച്ചു, ജയിച്ചു… അതോടെ ചരിത്രത്തിൽ രണ്ടാം തവണയും രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിലേക്ക് കേരളം ചുവടുവച്ചു. എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തോടെയാണ് കേരളം ക്വാർട്ടറിൽ കടന്നത്. സ്കോർ: ഹിമാചൽപ്രദേശ് 297, എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 ഡിക്ലയേഡ്. കേരളം 286, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299.
മൂന്നാം ദിവസം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റണ്‍സ് എന്ന നിലയിലായിരുന്നു ഹിമാചൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാമായിരുന്നെങ്കിലും വാലറ്റം തകർന്നതോടെ കേരളം 11 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 268ൽനിന്നായിരുന്നു കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 286ൽ അവസാനിച്ചത്.
അതുകൊണ്ടുതന്നെ ലീഡ് 296 ആയപ്പോൾ ഹിമാചൽപ്രദേശ് യാതൊരു ശങ്കയും കൂടാതെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ജയം ലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങാൻ തീരുമാനിച്ച കേരളം തന്ത്രം മാറ്റിപ്പരീക്ഷിച്ചു. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ പി. രാഹുലിനൊപ്പം ഓപ്പണിംഗിനായി കേരളം വിനൂപ് മനോഹരനെ ഇറക്കി. സ്ഥാനക്കയറ്റം ലഭിച്ച മനോഹരന്റെ മനോഹര ഇന്നിംഗ്സ് കേരളത്തിന് ജയത്തിലേക്ക് അടിത്തറ പാകി.
വിനൂപ് മനോഹരനാണ് മാൻ ഓഫ് ദ മാച്ച്. വിനൂപും സച്ചിൻ ബേബിയും മൂന്നാം വിക്കറ്റിൽ 101 റണ്‍സ് നേടി. സ്കോർ 206ൽ നിൽക്കുന്പോൾ വിനൂപും 207ൽ നിൽക്കുന്പോൾ മുഹമ്മദ് അസ്ഹറുദ്ദീനും (പൂജ്യം) പുറത്തായെങ്കിലും സച്ചിൻ ബേബിയും സഞ്ജുവും കേരളത്തെ ജയത്തിലേക്ക് നയിച്ചു. 295ൽ നിൽക്കുന്പോൾ സച്ചിൻ ബേബി പുറത്തായി. എന്നാൽ, അടുത്ത പന്തിൽ ബൗണ്ടറി നേടി സഞ്ജു കേരളത്തെ ജയത്തിലെത്തിച്ചു. 67 ഓവറിലായിരുന്നു കേരളം 299 റണ്‍സ് അടിച്ചെടുത്ത് ജയിച്ചത്.