സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിനു പിന്നാലെ ട്വന്റി-20 പരന്പരയും നേടാൻ വിരാട് കോഹ്ലിയും സംഘവും ഇന്നിറങ്ങും. മൂന്നു മത്സരങ്ങളുടെ ട്വന്റി- 20 പരന്പരയിലെ രണ്ടാം മത്സരം ഇന്ന് സെഞ്ചൂറിയനിൽ. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ ഇന്നു ജയിച്ച് ജീവൻ നിലനിർത്താനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റിംഗ് നിര മികച്ച പ്രകടനത്തിലൂടെ മികച്ച സ്കോർ നൽകിയപ്പോൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബൗളർമാർ ശക്തമായ പിന്തുണ നല്കി. സമാനമായ പ്രകടനമാണ് ടീം ഇന്ത്യ സെഞ്ചൂറിയനിലും ലക്ഷ്യമിടുന്നത്.
പരിക്ക് സാരമല്ലാത്തതിനാൽ കോഹ്ലി ഇന്നു കളിക്കുമെന്ന് ഇന്ത്യൻ ക്യാന്പ് അറിയിച്ചു. കഴിഞ്ഞ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ നായകന്റെ അരക്കെട്ടിന് വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. സ്പിന്നിനെ പിന്തുണയ്ക്കുന്ന സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്ക് പിച്ചിൽ രണ്ട് സ്പിന്നർമാരെ ഇറക്കാനുള്ള സാധ്യതയുണ്ട്.
ബാറ്റിംഗിൽ മൂന്നാമതിറങ്ങുന്ന സുരേഷ് റെയ്നയിൽനിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖങ്ങൾ നിറഞ്ഞ ദക്ഷിണാഫ്രിക്കൻ ടീം സമ്മർദത്തിലാണ്. പരിക്കേറ്റ് പുറത്തായ എ.ബി. ഡിവില്യേഴ്സിന്റെ അഭാവം ദക്ഷിണാഫ്രിക്കയെ അലട്ടുന്നുണ്ട്.
ചരിത്രത്തിനായി കൗറും സംഘവും
സെഞ്ചൂറിയൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സംഘവും ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാലാം ട്വന്റി-20ക്ക് ഇറങ്ങും. വൈകുന്നേരം 4.30 മുതൽ സെഞ്ചൂറിയനിലാണ് മത്സരം. 2-1നു മുന്നിൽനിൽക്കുന്ന ഇന്ത്യക്ക് ഇന്നു ജയിച്ചാൽ പരന്പര സ്വന്തമാക്കാം. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ കാത്തിരിപ്പ് നീളാൻ കാരണം.
ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ഒരു പര്യടനത്തിൽ രണ്ടു പരന്പര നേടുന്ന ആദ്യ ഇന്ത്യൻ വനിതാ സംഘമെന്ന റിക്കാർഡ് കൗറിനും സംഘത്തിനും ലഭിക്കും. മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പര ഇന്ത്യൻ യുവതികൾ 2-1ന് നേടിയിരുന്നു.