അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധകരെ ആവേശക്കൊടുമുടി കയറ്റാൻ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ഏകദിന ലോകകപ്പിൽ ഇന്നു മുഖാമുഖം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് ഇന്ത്യ x പാക്കിസ്ഥാൻ ക്ലാസിക് പോരാട്ടം. നാളെ ആരംഭിക്കുന്ന നവരാത്രി ആഘോഷത്തിനു മുമ്പ് സബർമതി തീരത്ത് ഇന്ന് ഉത്സവരാത്രി.
ബാറ്റ്സ്മാന്മാരുടെ പറുദീസയാണ് അഹമ്മദാബാദിലെ പിച്ച്. എന്നിരുന്നാലും, ബൗളർമാർക്കും പിന്തുണ ലഭിക്കുമെന്നാണ് ക്യൂറേറ്റർമാരുടെ അവകാശവാദം. ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായിരുന്ന ഇന്ത്യൻ സൂപ്പർ ഓപ്പണർ ശുഭ്മൻ ഗിൽ ഇന്ന് പാക്കിസ്ഥാനെതിരേ തിരിച്ചെത്തിയേക്കുമെന്നത് ഇന്ത്യൻ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റും പാക് പേസർ ഷഹീൻ ഷാ അഫ്രീദിയുടെ പന്തും തമ്മിലുള്ള യുദ്ധമായിരിക്കും മത്സരത്തിന്റെ പ്രധാന ആകർഷണം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ പൂജ്യത്തിനു പുറത്തായ രോഹിത് ശർമ, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ 84 പന്തിൽ 131 റണ്സുമായി തിളങ്ങിയിരുന്നു.
മൂന്നാം നമ്പറിൽ ക്രീസിലെത്തുന്ന വിരാട് കോഹ്ലിയും വൻ ഫോമിലാണ്. ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ പേസ് ബൗളിംഗിനെ നിയന്ത്രിക്കുന്നത്. ബുംറയുടെ സ്വന്തം നാടാണ് അഹമ്മദാബാദ് എന്നത് സൂപ്പർ പേസറിന്റെ ആക്രമണത്തിനു മൂർച്ച കൂട്ടുമെന്നാണ് ആരാധകരുടെ വിശ്വാസം. ഏകദിന ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോൾ വിജയചരിത്രം ഇന്ത്യക്കൊപ്പമാണ്. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഇതുവരെ പാക്കിസ്ഥാനു സാധിച്ചിട്ടില്ല.
1,32,000 കാണികളെ ഉൾക്കൊള്ളുന്ന നരേന്ദ്ര മോദി സ്റ്റേഡിയം ഹൗസ് ഫുള്ളാകുമെന്ന് ഉറപ്പാണ്. കരിഞ്ചന്തയിൽ ടിക്കറ്റിന് 50,000 രൂപവരെ വില ഉയർന്നിരുന്നു. മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ കലാപരിപാടികൾ നടത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. മഴ പെയ്യാൻ സാധ്യതയില്ലെന്നാണ് അക്യൂവെതർ ആപ്പ് പ്രവചിക്കുന്നത്. പകൽ സമയത്ത് 35-40 ഡിഗ്രി സെൽഷസായായിരിക്കും താപനില. വൈകിട്ടോടെ ഇത് 26 ഡിഗ്രിയിലെത്തും.