ഫില്‍ ഹ്യൂഗ്‌സ്, രമണ്‍ലാംബ, റുനാക്കോ മോര്‍ട്ടന്‍, ഹാന്‍സി ക്രോണ്യെ, മാല്‍ക്കം മാര്‍ഷല്‍. ഒരായിരം ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ അവശേഷിപ്പിച്ച് മരണത്തിന്റെ തിരശീലയ്ക്കുള്ളില്‍ മറഞ്ഞവരാണിവര്‍. ക്രിക്കറ്റിലൂടെ ലോകം കീഴടക്കിയവരും, പാതി വഴിയില്‍ വീണുപോയവരും, ഭാവി വാഗ്ദാനമെന്ന് ക്രിക്കറ്റ് പണ്ഡിതരും ആരാധകരും ഒരുപോലെ വാഴ്ത്തിയവരും ഇക്കൂട്ടത്തിലുണ്ട്. തീ തുപ്പുന്ന പന്തുകള്‍ എറിഞ്ഞും റണ്‍സുകള്‍ വാരിക്കൂട്ടിയും അസാധ്യ മെയ് വഴക്കത്തോടെ ക്യാച്ചുകള്‍ എടുത്തും ഇവര്‍ ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. അകാലത്തില്‍ പൊലിഞ്ഞ ക്രിക്കറ്ററുമാരുടെ ഓര്‍മകളിലേക്ക്…
രമണ്‍ലാംബ
കളിക്കളത്തില്‍ വച്ച് മരണമടഞ്ഞ ഇന്ത്യന്‍ കളിക്കാരനാണ് രമണ്‍ലാംബ. 1998ല്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ഒരു ക്ലബ് മത്സരത്തിലായിരുന്നു രമണ്‍ലാംബയുടെ മരണകാരണമായ സംഭവം നടന്നത്. മുഹമ്മദന്‍ ക്ലബിനെതിരേ അബാഹാനി ക്ലബിനുവേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. മുഹമ്മദന്‍ ക്ലബിന്റെ മെഹ്‌റാബ് ഹുസൈന്റെ ഷോട്ട് നേരെ പതിച്ചത് ഹെല്‍മറ്റ് ധരിക്കാതെ നിന്ന രമണ്‍ലാംബയുടെ നെറ്റിയിലാണ്. ലാംബയുടെ നെറ്റിയില്‍ തട്ടിത്തെറിച്ച പന്ത് വിക്കറ്റ് കീപ്പര്‍ ഖാലിദ് മസൂദിന്റെ കൈകളിലെത്തി. ഗ്രൗണ്ടിനു പുറത്തേക്കു പോയ പിന്നീടൊരിക്കലും തിരിച്ചുവരാനാവാത്ത ഒരു യാത്രയിലാണ് ആ പോക്ക് അവസാനിച്ചത്. 1986ല്‍ രാജ്‌കോട്ടില്‍ നടന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി അടിച്ച ചരിത്രമുള്ള ലാംബ ജീവിതത്തില്‍ നിന്നും വിരമിക്കുമ്പോള്‍ പ്രായം വെറും 38 മാത്രമായിരുന്നു.
ഫില്‍ ഹ്യൂഗ്‌സ്
ഭാവി വാഗ്ദാനമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വാഴ്ത്തിയ ഫില്‍ ഹ്യൂസ് കളിക്കളത്തിലെ കണ്ണീരുണര്‍ത്തുന്ന ഓര്‍മയാണ്. ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സമാന്‍, അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ തുടങ്ങിയ ബഹുമതിയുമായി ആരംഭിച്ച ആ കരിയറിനും ജീവിതത്തിനും 25-ാം വയസില്‍ വിരാമമായി. ഷെഫീല്‍ഡ് ഫീല്‍ഡ് ട്രോഫിയുടെ ഭാഗമായി 2014 നവംബര്‍ 25ന് സിഡ്‌നി ഗ്രൗണ്ടില്‍ നടന്ന മത്സരമാണ് ഹ്യൂഗ്‌സിന്റെ വിധി കുറിച്ചത്. എതിര്‍ ടീമിന്റെ ബൗളര്‍ ഷോണ്‍ അബോട്ടിന്റെ പന്ത് കഴുത്തില്‍ കൊണ്ട ഹ്യൂഗ്‌സ് തല്‍ക്ഷണം ബോധരഹിതനായി നിലത്തുവീണു. ആ വീഴ്ച്ച ജീവിതത്തില്‍ നിന്നും മരണത്തിലേക്കായിരുന്നു. സിഡ്‌നിയിലെ സെന്റ്.വിന്‍സെന്റ് ഹോസ്പിറ്റലില്‍ നവംബര്‍ 27ന് ഹ്യൂഗ്‌സ് ജീവിതമെന്ന ഇന്നിംഗ്‌സിനു വിരാമമിട്ടു. 26-ാം പിറന്നാളിനു മൂന്നു ദിവസം മാത്രം ശേഷിക്കെയായിരുന്നു ഇത്.
ഹാന്‍സി ക്രോണ്യെ
ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായി വിലയിരുത്തുന്ന ഹാന്‍സി ക്രോണ്യെ 2002 ജൂണ്‍ ഒന്നിന് വിമാനം തകര്‍ന്നു വീണാണ് അന്തരിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മഹാന്മാരായ വ്യക്തികളില്‍ പതിനൊന്നാമനായി ജനങ്ങള്‍ തെരഞ്ഞെടുത്തത് ക്രോണ്യെയെ ആയിരുന്നു. 2000ല്‍ കോഴ വിവാദത്തിലുള്‍പ്പെട്ടതിനെത്തുടര്‍ന്ന് ക്രോണ്യെയ്ക്ക് ആജീവനാന്ത വിലക്ക് ലഭിച്ചിരുന്നു. ജോഹന്നാസ്ബര്‍ഗില്‍ നിന്നും ജോര്‍ജിലേക്കു പോകുകയായിരുന്ന ഷെഡ്യൂള്‍ഡ് വിമാനം ഒന്റെനിക്കാ പര്‍വതങ്ങള്‍ക്കു മുകളില്‍ വച്ച് തകര്‍ന്നു വീഴുകയായിരുന്നു. ക്രോണ്യെയും പൈലറ്റുമാരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
മാല്‍ക്കം മാര്‍ഷല്‍
മൈക്കല്‍ ഹോള്‍ഡിംഗ്, ആന്‍ഡി റോബര്‍ട്‌സ്,ജോയല്‍ ഗാര്‍ണര്‍, കര്‍ട്‌ലി ആബ്രോംസ്, കോട്‌നി വാല്‍ഷ് എന്നിവരുള്‍പ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളിംഗ് ചരിത്രം പൂര്‍ണമാകണമെങ്കില്‍ മാല്‍ക്കം മാര്‍ഷല്‍ എന്ന പേരു കൂടി ഉണ്ടാവണം. മാര്‍ഷലിന്റെ തീതുപ്പുന്ന പന്തുകള്‍ എതിരാളികളില്‍ ഭീതിജനിപ്പിച്ചിരുന്നു. 81 ടെസ്റ്റുകളില്‍ നേടിയ 376 വിക്കറ്റ് ആ മികവിന് സാക്ഷ്യമാണ്. എന്നാല്‍ വെറും 41 വയസുവരെ മാത്രമേ ദൈവം ആ ബൗളിംഗ് വിസ്മയത്തിന് ആയുസു കൊടുത്തുള്ളൂ. കോളന്‍ കാന്‍സറായിരുന്നു മരണകാരണം.
ലോറി വില്യംസ്
മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വളര്‍ന്നു വന്ന താരമായിരുന്നു ലോറി വില്യംസ്. 1996-2001 കാലഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി 15 ഏകദിനം കളിക്കുകയും ചെയ്തു. 2002 സെപ്റ്റംബര്‍ എട്ടിന് കിങ്സ്റ്റണില്‍ വച്ച് വില്യംസിന്റെ കാര്‍ ഒരു ബസുമായി ഇടിയ്ക്കുകയായിരുന്നു.അന്ന് 33 വയസു മാത്രമേ വില്യംസിനുണ്ടായിരുന്നുള്ളൂ.
ബെന്‍ ഹോളിയോക്ക്
2002ല്‍ പെര്‍ത്തിലുണ്ടായ ഒരു കാറപടകത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്താരം ബെന്‍ ഹോളിയോക്ക് മരണമടഞ്ഞത്. മരിക്കുമ്പോള്‍ വെറും 24 വയസുമാത്രമായിരുന്നു ബെന്നിന്റെ പ്രായം. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആദം ഹോളിയോക്കിന്റെ ഇളയ സഹോദരന്‍ കൂടിയായ ബെന്‍ ഇംഗ്ലണ്ടിനായി രണ്ടു ടെസ്റ്റുകളും 20 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
കോളീ സ്മിത്ത്
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ നടുക്കിയ ഒരു ദുരന്തമായിരുന്നു കോളീ സ്മിത്തിന്റെ മരണത്തിനിടയാക്കിയ കാര്‍ ആക്‌സിഡന്റ്. 1959ലായിരുന്നു ഈ അപകടം നടന്നത്. ലണ്ടനില്‍ ഒരു പ്രദര്‍ശന മത്സരത്തിനായി പോകാനിറങ്ങിയതായിരുന്നു കോളീ സ്മിത്ത്. ഒപ്പം ഇതിഹാസ താരമായ ഗാരി സൊബേഴ്‌സും ടോം ഡ്യൂട്‌നിയും യാത്രാ മധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ സ്റ്റാഫോര്‍ഡ്‌ഷെയറില്‍ വച്ച് ഒരു കന്നുകാലി ട്രക്കില്‍ ഇടിക്കുകയായിരുന്നു. കോമയിലേക്കു വഴുതിവീണ സ്മിത്ത് ആശുപത്രിയില്‍ വച്ച് മരിച്ചു. മരിക്കുമ്പോള്‍ 26 വയസായിരുന്നു സ്മിത്തിന്.
റുനാക്കോ മോര്‍ട്ടന്‍
വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാനായ റുനാക്കോ മോര്‍ട്ടന്‍ മരിക്കുന്നത് 33-ാം വയസിലാണ്. 2012ല്‍ ട്രിനിഡാഡില്‍ നടന്ന ഒരു മത്സരത്തിനു ശേഷം വീട്ടിലേക്ക് തിരിച്ച മോര്‍ട്ടന്റെ കാര്‍ ഒരു വിളക്കുമരത്തില്‍ ഇടിക്കുകയായിരുന്നു. ആ ഇടിയുടെ ആഘാതത്തില്‍ നിന്നു മുക്തിനേടാന്‍ മോര്‍ട്ടനായില്ല.
മഞ്ചുറുള്‍ ഇസ്ലാം റാണ
ഇടങ്കയ്യന്‍ സ്ലോ ബൗളറായിരുന്ന മഞ്ചുറുള്‍ ഇസ്ലാം റാണ ബംഗ്ലാദേശിനു വേണ്ടി ആറു ടെസ്റ്റുകളും 25 ഏകദിനങ്ങളും കഴിച്ച താരമാണ്. മറ്റൊരു റോഡപകടത്തിന്റെ ഇരയാണ് മഞ്ജുറുള്‍. മഞ്ജുറുള്‍ സഞ്ചരിച്ച ബൈക്ക് ആദ്യം ഒരു ബസിലിടിയ്ക്കുകയും അതിനു ശേഷം വഴിവക്കിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചുകയറുകയുമായിരുന്നു. മരിക്കുമ്പോള്‍ 22 വയസു മാത്രമായിരുന്നു പ്രായം.