വളപട്ടണം: കീരിയാട് പ്ലൈവുഡ് ഫാക്ടറിയിലെ സൂപ്പർവൈസറായിരുന്ന ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്തു നാലു ഒഡീഷ സ്വദേശികളുടെ തെളിവെടുപ്പ് പൂർത്തിയായി. ഒഡീഷ സ്വദേശികളായ ഗോണേശ് നായിക്ക്, തൂഫാൻ പ്രദാൻ, രാജേഷ് ബാര, പ്രശാന്ത് സേത്തി എന്നിവരെയാണ് കഴിഞ്ഞ ദിവസം ഒഡീഷയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
എഎസ്പി അരവിന്ദ് സുകുമാർ, വളപട്ടണം സിഐ എം. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതികളുമായി ഒഡീഷയിലെത്തി തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാത്രി വളപട്ടണത്ത് എത്തിച്ച പ്രതികളുമായി സംഘം ഇന്നു രാവിലെ കീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ മറ്റും എത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 19ന് അർധരാത്രിയാണ് കീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് പ്രഭാകർ ദാസ് കുത്തേറ്റ് മരിച്ചത്.