കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുത്തനേ കൂട്ടി. പക്ഷേ വില കൂടുന്നില്ല. എങ്ങനെ? എന്തുകൊണ്ട്?
ഉത്തരം ലളിതം. പെട്രോളിനും ഡീസലിനും അമിത വിലയാണ് ഈടാക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിൽ 65 ഡോളറിനടുത്തായിരുന്നു ക്രൂഡ് ഓയിൽ വില. ഇന്നലെ 30 ഡോളറും. ജനുവരിയിൽ പെട്രോൾ വില 72 രൂപയ്ക്ക് മുകളിലായിരുന്നു. ഇന്നലെ 71.57 രൂപയും. (കൊച്ചിയിൽ).
ക്രൂഡ് വില പകുതിയിൽ താഴെയായിട്ടും വില്പന വില കുറഞ്ഞില്ല.
2014 ഏപ്രിലിൽ മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 110 ഡോളറിനടുത്തായിരുന്നു. അന്നു രാജ്യത്തു പെട്രോൾ വില ലിറ്ററിന് 74 രൂപ, ഡീസലിന് 56 രൂപ.
ഇപ്പോൾ ക്രൂഡ് വില മൂന്നിലൊന്നിൽ താഴെയായിട്ടും വില കുറഞ്ഞിട്ടില്ല. ഇവിടെയാണ് നികുതികൾ കടന്നുവരുന്നത്. മൻമോഹൻസിംഗിന്റെ കാലത്തും എക്സൈസ് ഡ്യൂട്ടി ഉണ്ടായിരുന്നു. ഒരവസരത്തിൽ പെട്രോളിന് 20 രൂപയും ഡീസലിന് 12 രൂപയും ആയിരുന്നു ഡ്യൂട്ടി.
ക്രൂഡ് ഓയിൽ വില കുത്തനേ കൂടിയപ്പോൾ അദ്ദേഹം ചെയ്തത് ഡ്യൂട്ടി കുറയ്ക്കലാണ്. പെട്രോളിന്റെ ഡ്യൂട്ടി ലിറ്ററിനു 9.48 രൂപയായി കുറച്ചു. ഏകദേശം പകുതിയായി ഡ്യൂട്ടി കുറഞ്ഞു. ഡീസലിന്റെ ഡ്യൂട്ടി 3.56 രൂപയാക്കി. മുന്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന്.
ഈ ഡ്യൂട്ടിയാണു പിന്നീട് ക്രൂഡ് വില കുറഞ്ഞുവന്നപ്പോൾ നരേന്ദ്രമോദി സർക്കാർ വർധിപ്പിച്ചത്. അതു 2016 ജൂൺ ആയപ്പോൾ പെട്രോളിന് 21.48 രൂപയും ഡീസലിന് 17.33 രൂപയുമാക്കി.
പിറ്റേവർഷം ക്രൂഡ് വില കൂടിയപ്പോൾ രണ്ടുതവണ ഡ്യൂട്ടി കുറച്ചു. ലിറ്ററിനു മൂന്നര രൂപയാണ് ആകെ കുറച്ചത്. എന്നാൽ കഴിഞ്ഞവർഷം ക്രൂഡ് വില താഴോട്ടു പോന്നു തുടങ്ങിയപ്പോൾ വീണ്ടും ഡ്യൂട്ടി വർധിപ്പിക്കാൻ കേന്ദ്രം ഒട്ടും മടിച്ചില്ല.
2019 ജൂലൈയിൽ ഡ്യൂട്ടി രണ്ടു രൂപ വീതം കൂട്ടി. വീണ്ടും ഈ മാർച്ച് 14ന് മൂന്നു രൂപ വീതം കൂട്ടി. ഇപ്പോൾ പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും വർധിപ്പിച്ചു.
ഏതാനും മാസങ്ങളായി എണ്ണ വിപണന കന്പനികൾ എടുത്തിരുന്ന ലാഭം ഇനി സർക്കാർ എടുക്കുന്നു. അതാണ് ഈ ഡ്യൂട്ടി വർധനയിലുള്ളത്. ആഗോള വിപണിയിലെ വിലയിടിവിന്റെ ഗുണം ഉപയോക്താക്കൾക്ക് നൽകാതെ കേന്ദ്രം സ്വന്തം ഖജനാവിലേക്ക് വലിക്കുന്നു. അതുകൊണ്ടു വിപണി വില മാറുന്നില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാന്ദ്യം അതിജീവിക്കാൻ ജനങ്ങൾക്കു സർക്കാർ ധനസഹായം നൽകുമെന്നു പ്രതീക്ഷിച്ചിരുന്നവർക്ക് കടുത്ത തിരിച്ചടിയായി ഇത്.
പെട്രോളും ഡീസലും വാങ്ങുന്പോൾ നൽകുന്ന വിലയിൽ എഴുപതു ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികളാണ്. കേരളത്തിൽ പെട്രോളിനു 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവും വില്പനനികുതി ഉണ്ട്. കേന്ദ്ര എക്സൈസ് ഡ്യൂട്ടി ഉൾപ്പെട്ട വിലയിലാണ് ഈ നികുതി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വലിയൊരു വരുമാന മാർഗമാണ് പെട്രോൾ, ഡീസൽ നികുതികൾ. ഡ്യൂട്ടിയും സെസുകളും ഉൾപ്പെടെ 2,79,847 കോടി രൂപയും എണ്ണ കന്പനികളുടെ ലാഭത്തിൽനിന്നു ലാഭവീതമായും നികുതിയായും 68194 കോടി രൂപയും കേന്ദ്രത്തിന് 2018-19 ൽ ലഭിച്ചു. മൊത്തം 3,48,041 കോടി രൂപ.
സംസ്ഥാനങ്ങൾക്ക് 2,27,591 കോടി രൂപയാണ് പെട്രോളിയം മേഖലയിൽനിന്നു ലഭിച്ചത്. കേന്ദ്രത്തിന്റെ വരുമാനം രണ്ടു ലക്ഷം കോടി രൂപ വർധിപ്പിക്കുന്നതാണു മാർച്ചിലും ഇപ്പോഴും നടത്തിയ ഡ്യൂട്ടി വർധന. ഇതിന്റെ 41 ശതമാനമായ 82,000 കോടി രൂപ സംസ്ഥാനങ്ങൾക്കു കിട്ടും.