മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത പൂന സൂപ്പര്‍ ജയന്റിനു മികച്ച സ്കോര്‍. പൂന 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയാവുകയാണ്. സ്കോര്‍ബോര്‍ഡില്‍ 41 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മയടക്കം മൂന്നു വിക്കറ്റുകള്‍ നഷ്ടമായി.
അവസാന ഓവറുകളില്‍ മഹേന്ദ്രസിംഗ് ധോണി നടത്തിയ ഉജ്വല ബാറ്റിംഗാണ് പൂനയ്ക്കു മികച്ച സ്കോര്‍ സമ്മാനിച്ചത്. 26 പന്തില്‍ അഞ്ചു പടുകൂറ്റന്‍ സിക്സറുകളുടെ അകമ്പടിയില്‍ 40 റണ്‍സാണ് ധോണി അടിച്ചു കൂട്ടിയത്.
ജസ്പ്രീത് ബുംറ എറിഞ്ഞ അവസാന രണ്ടു പടുകൂറ്റന്‍ സിക്സറുകളുമായി മഹേന്ദ്രസിംഗ് കളം നിറഞ്ഞതോടെ മുംബൈക്ക് മത്സരത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായി. 48 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 58 റണ്‍സ് നേടിയ മനോജ് തിവാരിയാണ് ടോപ് സ്കോറര്‍. ഓപ്പണര്‍ അജിങ്ക്യ രഹാന 43 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്സുമടക്കം 56 റണ്‍സ് നേടി. അതേസമയം, രാഹുല്‍ ത്രിപാഠിയും (0) നായകന് സ്റ്റീവന്‍ സ്മിത്തും (1) വേഗത്തില്‍ പുറത്തായത് മുംബൈക്കു മേല്‍ക്കൈ സമ്മാനിച്ചു.
മുംബൈക്കു വേണ്ടി മക്ക്ലനേഗന്‍, ലെസിത് മലിംഗ കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
അവസാന ലീഗ് മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായാണ് ഇരുടീമും പ്ലേ ഓഫ് യോഗ്യത നേടിയത്. മുംബൈ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും പൂന കിംഗ്സ് ഇലവന് പഞ്ചാബിനെയും തകര്‍ത്താണ് യോഗ്യത സ്വന്തമാക്കിയത്. ഇന്നു ജയിക്കുന്നവര്‍ നേരിട്ട് 21ന് നടക്കുന്ന ഫൈനലിനു യോഗ്യത നേടും. പരാജയപ്പെടുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ടാകും.