മംഗളൂരു: ഭര്‍ത്താവിനെ തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതായും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ വധഭീഷണി മുഴക്കുന്നതായും ആരോപിച്ച് പ്രണയിച്ച് മതംമാറി വിവാഹിതയായ മലയാളി യുവതി രംഗത്തെത്തി.
കണ്ണൂര്‍ സ്വദേശിനിയായ ശാന്തി ജൂബിയാണ് ഭര്‍ത്താവ് കര്‍ണാടക സുള്ള്യ സ്വദേശി ഇബ്രാഹിം ഖലീല്‍ കട്ടേക്കറിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണവുമായി പത്രസമ്മേളനം നടത്തിയത്.
ഭര്‍ത്താവിന്റെ സഹോദരനും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ മറ്റെവിടെയോ താമസിപ്പിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ഫേസ്ബുക്ക് മുഖേനയാണ് ശാന്തി ഇബ്രാഹിം ഖലീലിനെ പരിചയപ്പെട്ടത്. 2017 ജൂലൈ 12 നാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തോടനുബന്ധിച്ച് ശാന്തി മതംമാറുകയും ആസിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാഹശേഷം കുറച്ചുനാള്‍ ബംഗളൂരുവിലും മൈസൂരിലുമായി താമസിച്ചു.
പിന്നീട് ഇബ്രാഹിമിന്റെ മൂത്ത സഹോദരന് ഷിഹാബും മറ്റു കുടുംബാംഗങ്ങളുമെത്തി ഇബ്രാഹിമിനെ സുള്ള്യയിലെ കുടുംബവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിനുശേഷം ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പോലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഭര്‍ത്താവിനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ മനുഷ്യാവകാശ സംഘടനകളുടെ സഹായത്തോടെ പലവട്ടം പോലീസിനെ സമീപിച്ചെങ്കിലും ഇബ്രാഹിമിന്റെ വീട്ടുകാര്‍ സഹകരിക്കാന്‍ തയാറായില്ല.
പിന്നീട് ഇബ്രാഹിമിന്റെ കുടുംബവീട്ടിലേക്ക് നേരിട്ട് കയറിച്ചെന്നെങ്കിലും ഭര്‍ത്താവിനെ കാണാനായില്ല.
അവിടെയുണ്ടായിരുന്ന ഷിഹാബ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്ന് ശാന്തി പറഞ്ഞു. രണ്ടു വീതം കാറുകളും സ്കൂട്ടറുകളും 25 ലക്ഷത്തിലേറെ രൂപയും താന്‍ ഭര്‍ത്താവിന് കൈമാറിയിരുന്നതായും ശാന്തി പറയുന്നു.
വാര്‍ത്താസമ്മേളനത്തില്‍ കര്‍ണാടകയിലെ ആധുനിക് മനുഷ്യാവകാശ സമിതി പ്രസിഡന്റ് രാജേഷ് കോല്‍ഹോ, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ഷബീര്‍ ഉള്ളാള്‍ എന്നിവരും പങ്കെടുത്തു.