കൊച്ചി: ട്രെയിനിൽ പതിനാറു വയസുകാരിക്കു നേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രികനെയും മർദിച്ച സംഭവത്തിൽ പ്രതികൾകളെന്നു കരുതുന്ന മൂന്നു പേർക്കായി എറണാകുളം സൗത്ത് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
സൗത്ത് സിഐ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ഇവർ ഒളിവിലാണ്. ഇവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ ഇവർ സീസണ് ടിക്കറ്റുകാരാണെന്നു മാത്രമാണ് പോലീസ് നൽകുന്ന വിവരം.
ഇവർ അന്‍പതു വയസ് പിന്നിട്ടവരാണ്. പ്രതികളിലൊരാളുടെ സീസണ് ടിക്കറ്റ് പാസിന്റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്.
പോക്സോ, ട്രെയിനിൽ അടിപിടി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
സംഭവിച്ചത് ഇങ്ങനെ…
ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂർ സ്പെഷൽ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം.
ട്രെയിൻ നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിൽനിന്ന് സതേണ്‍ റെയിൽവേ വിശദീകരണം തേടി.
ഇതരസംസ്ഥാനക്കാരനായ ഗാർഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഗാർഡിന്റെയും മൊഴിയെടുക്കും.
മൊഴിയെടുക്കുന്നതിനായി നാളെ രാവിലെ പത്തിന് എറണാകുളം സൗത്ത് റെയിൽവേ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ഇയാൾക്ക് നിർദേശം നൽകിയിരിക്കുന്നത്.